കുട്ടിക്കടത്ത്, കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

കുട്ടിക്കടത്ത്, സുപ്രീംകോടതി, അമിക്കസ് ക്യൂറി
ന്യൂഡല്‍ഹി| VISHNU.NL| Last Updated: ഞായര്‍, 31 ഓഗസ്റ്റ് 2014 (13:38 IST)
ജാര്‍ഖണ്ടില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസില്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അപര്‍ണ ഭട്ടിന്റെ അപേക്ഷയിലാണ് നോട്ടീസ് അയച്ചത്. ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് 600 കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് അമിക്കസ് ക്യൂറി അപര്‍ണ ഭട്ട് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

അപര്‍ണ്ണ ഭട്ട് കോടതിക്കു നല്‍കിയ അപേക്ഷയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ കീഴില്‍ വരുന്ന ചില്‍ഡ്രന്‍സ് ഹോമുകളുടെ എണ്ണം നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുക്കം അനാഥാലയത്തിലേക്കാണ് കുട്ടികളെ കടത്തിക്കൊണ്ടുവന്നതെന്ന് അന്വേഷണത്തിനിടെ നേരത്തേ തെളിഞ്ഞിരുന്നു.

ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതിനെ മനുഷ്യക്കടത്തെന്നേ വിളിക്കാനാകൂ,
ഐപിസി 370, 370എ എന്നീ സെക്ഷനുകള്‍ പ്രകാരം കേസെടുക്കേണ്ട വിഷയമാണിതെന്നും അപര്‍ണ ഭട്ട് പറഞ്ഞു.

അനാഥാലയങ്ങള്‍ക്ക് വിദേശത്തു നിന്നു സഹായം ലഭിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കൊണ്ടുവരുന്നത് പതിവാണ്. മറ്റു സംസ്ഥാനങ്ങളില്‍ അനാഥാലയങ്ങള്‍ക്കും കുട്ടികള്‍ക്കായുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും റജിസ്ട്രേഷനും ലൈസന്‍സും വേണമെന്നത് നിര്‍ബന്ധമാണ്.

എന്നാല്‍ കേരളത്തില്‍ മാത്രമാണ് റജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലാത്തത്. 2010ല്‍ കേരള സര്‍ക്കാര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ റജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മറ്റു റജിസ്ട്രഷന്‍ വേണ്ടെന്ന നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതാണ് മനുഷ്യക്കടത്തു വര്‍ധിക്കുന്നതിനുള്ള കാരണമെന്നും അവര്‍ പറഞ്ഞു.

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കോടതി പ്രാധാന്യത്തോടെയാണ് എടുത്തിരിക്കുന്നത് എന്ന സൂചനയാണ് കോടതി നടപടിയിലൂടെ വ്യകതമാകുന്നത്. ഇതൊടെ സംഭവം മനുഷ്യക്കടത്തല്ല എന്ന് സര്‍ക്കാരിന്റെയും മുസ്ലീം ലീഗിന്റെയും നിലപാട് ചോദ്യം ചെയ്യപ്പെടാന്‍ കാരണമാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :