അഭിറാം മനോഹർ|
Last Modified വ്യാഴം, 28 ജനുവരി 2021 (17:24 IST)
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കൈ പിടിക്കുന്നതും അവളുടെ മുന്നിൽ വെച്ച് പാന്റിന്റെ സിപ് അഴിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട അൻപതുവയസുകാരന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പുഷ്‌പ ഗനേഡിവാലയുടെ സിംഗിൾ ബെഞ്ച് വിധി.
പ്രായപൂർത്തിയാവത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്‌ത്രം മാറ്റാതെ സ്പർശിക്കുൻനത് പോക്‌സോ പ്രകാരം ലൈംഗിക കുറ്റമല്ലെന്ന ജസ്റ്റിസ് പുഷ്‌പയുടെ വിധി നേരത്തെ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വിധി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിൽ മെൻഷൻ ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിധി സ്റ്റേ ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ബെഞ്ചിന്റെ മറ്റൊരു വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുന്നത്.
പോക്‌സോ കേസിൽ ലൈംഗിക അതിക്രമം ആവണമെങ്കിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശനം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കൈയ്യിൽ പിടിക്കുക,പാന്റിന്റെ സിപ് അഴിക്കുക എന്നിവ ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരില്ല, ഇതിന് പരമാവധി സ്ത്രീയുടെ അന്തസ് കെടുത്തൽ എന്ന പോക്‌സോ നിയമത്തിലെ ശിക്ഷ കുറഞ്ഞ പത്രണ്ടാം വകുപ്പ് പ്രകാരമെ കുറ്റം ചുമത്താനാകുമെന്നായിരുന്നു കോടതി വിധി. പ്രതി ഇതിനോടകം തന്നെ ശിക്ഷ അനുഭവിച്ചുവെന്നും അതിനാൽ വിട്ടയാക്കാവുന്നതാണെന്നും കോടതി വിധിന്യായത്തിൽ പറയുന്നു.
കേസിൽ പെൺകുട്ടിയുടെ അമ്മയായിരുന്നു പ്രധാന സാക്ഷി, താൻ ജോലി കഴിഞ്ഞുവരുമ്പോൾ പ്രതിയെ കണ്ടതായി അമ്മ മൊഴി നൽകി. അയാൾ മകളുടെ കൈയ്യിൽ പിടിച്ചിരിക്കുകയാണെന്നും പാന്റിന്റെ സിപ് അഴിഞ്ഞ നിലയിലായിരുന്നുവെന്നുമാണ് അമ്മയുടെ മൊഴി, തനിക്കൊപ്പം കിടക്കാൻ പ്രതി ആവശ്യപ്പെട്ടതായുള്ള പെൺകുട്ടിയുടെ മൊഴിയും അമ്മ കോടതിയെ അറിയിച്ചിരുന്നു.