ഹാസിനിയുടെ കൊലപാതകി ദശ്വന്തിന് വധശിക്ഷ

ഹാസിനി, ദശ്വന്ത്, രാജേഷ്, ശേഖര്‍, ചെന്നൈ, മുഗളിവാക്കം, Hassini, Hasini, Daswanth, Rajesh, Sekhar, Mugalivakkam, Chennai
ചെന്നൈ| BIJU| Last Updated: തിങ്കള്‍, 19 ഫെബ്രുവരി 2018 (17:25 IST)
ഏഴുവയസുകാരിയായ ഹാസിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് നശിപ്പിച്ച കേസിലെ പ്രതിയായ സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ക്ക് വധശിക്ഷ. ചെന്നൈ ചെങ്കല്‍‌പ്പേട്ട് കോടതിയാണ് കുറ്റവാളിയായ ദശ്വന്തിന് മരണശിക്ഷ വിധിച്ചത്.

2017 ഫെബ്രുവരിയിലാണ് 23കാരനായ ദശ്വന്ത് അയല്‍‌വീട്ടിലെ കുട്ടിയായ ഹാസിനിയെ അതിദാരുണമാം‌വിധം കൊലപ്പെടുത്തിയത്. 30 സാക്ഷികളെ വിചാരണ ചെയ്ത കോടതി 45 രേഖകളും 19 തെളിവുകളും പരിശോധിച്ചു.

“കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ ഉറങ്ങിയിട്ടില്ല. പ്രതിക്ക് യഥാസമയം ശരിയായ ശിക്ഷ ലഭിക്കുന്നതിനുവേണ്ടിയായിരുന്നു എന്‍റെ പോരാട്ടം” - ഹാസിനിയുടെ പിതാവ് രാജേഷ് പ്രതികരിച്ചു.

2017 ഫെബ്രുവരി ആറിന് മുഗളിവാക്കത്തെ അപ്പാര്‍ട്ടുമെന്‍റില്‍ നിന്നാണ് ഹാസിനിയെ കാണാതായത്. അതേ ബിള്‍ഡിംഗില്‍ താമസിക്കുന്ന ദശ്വന്തിനെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ 2017 സെപ്റ്റംബര്‍ 12ന് ദശ്വന്തിന് ജാമ്യം ലഭിച്ചിരുന്നു. ഹാസിനിയുടെ പിതാവിനെ ദശ്വന്ത് കോടതി പരിസരത്തുവച്ച് ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി.

ഡിസംബര്‍ രണ്ടാം തീയതി ദശ്വന്തിന്‍റെ അമ്മയെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയതാണ് ഈ കേസിനിടയില്‍ ഏറ്റവും ഞെട്ടിച്ച സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്ന ദശ്വന്തിനെ ഡിസംബര്‍ ആറിന് പൊലീസ് പിടികൂടുകയായിരുന്നു.

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ദശ്വന്ത് പിടിയിലായതോടെ ദശ്വന്തിന് നല്‍കിയിരുന്ന എല്ലാ നിയമസഹായങ്ങളും പിതാവ് ശേഖര്‍ പിന്‍‌വലിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :