അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയലളിതക്ക് നാ‍ല് വര്‍ഷം തടവ്

ബാംഗ്ലൂര്‍| Last Updated: ശനി, 27 സെപ്‌റ്റംബര്‍ 2014 (17:33 IST)
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക്
നാ‍ല് വര്‍ഷം തടവ്. ജയലളിതക്ക് എം‌എല്‍‌എ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും രാജിവെയ്ക്കേണ്ടി വരും. ജയലളിതക്ക് 100 കോടി രൂപ പിഴയും വിധിച്ചു. മറ്റ് മൂന്ന് പ്രതികള്‍ 10 കോടി വീതവും പിഴ അടയ്ക്കണം.

പരമാ‍വധി ശിക്ഷയായ ഏഴുവര്‍ഷം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ജയലളിതക്ക് പ്രമേഹം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിക്ഷ ഒഴിവാക്കണമെന്നും ജയലളിതയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത് തള്ളിയാണ് ശിക്ഷ വിധിച്ചത്.

പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക കോടതിയാണ് അടക്കം നാലുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ജോണ്‍ മൈക്കല്‍ കുന്‍ഹയാണ് വിധി പ്രസ്താവം നടത്തിയത്. ഇതേത്തുടര്‍ന്ന് ജയലളിത രാജി വയ്ക്കേണ്ടിവരും.

1991- 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, ഉറ്റ തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ്
കേസിലെ മറ്റ് പ്രതികള്‍.


ഇക്കാലയളവില്‍ തമിഴ്നാട്ടില്‍ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈക്കടുത്തുമുള്ള ഫാം ഹൌസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, 750 ജോഡി പാദരക്ഷകള്‍, 91 വാച്ചുകള്‍ എന്നിവ ജയലളിത സമ്പാദിച്ചെന്നാണ് കേസ്. സ്വര്‍ണവും വെള്ളിയും സാരികളും ചെരിപ്പുകളും 1997ല്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. സാരികളും ചെരിപ്പുകളും തന്റെ സിനിമാ ജീവിതകാലത്തുള്ള സമ്പാദ്യമാണെന്നാണ് ജയലളിതയുടെ വാദം.

1997 ല്‍ ഡിഎംകെ സര്‍ക്കാരാണ്
ഡിഎംകെ നേതാവായിരുന്ന കെ അന്‍പഴകന്റെയും ജനതാപാര്‍ട്ടി പ്രസിഡന്റായിരുന്ന സുബ്രമണ്യ സ്വാമിയുടെയും പരാതിയില്‍ കേസെടുത്തത്. 2003ല്‍ ഡിഎംകെ സെക്രട്ടറി കെ. അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതിയാണ് കേസിന്റെ വിചാരണ ചെന്നൈയില്‍ നിന്ന് ബാംഗൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ സ്വാധീനിക്കപ്പെടുമെന്ന പരാതിയായിരുന്നു കാരണം. മൊഴി രേഖപ്പെടുത്താന്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നുള്ള ജയലളിതയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. വിധിയെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത അക്രമമാണ് നടക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :