സൂററ്റ്|
Last Modified വെള്ളി, 7 നവംബര്‍ 2014 (10:52 IST)
സൂററ്റ് വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനം പോത്തിനെ ഇടിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ അപകടം യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും ആര്‍ക്കും പരുക്കില്ല. വിമാനത്താവളത്തില്‍നിന്ന് 140 യാത്രക്കാരുമായി പറന്നുയരാന്‍ തുടങ്ങിയപ്പോഴായിരുന്നു അപകടം. ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ സൂററ്റില്‍ നിന്ന് സര്വീസുണ്ടായിരിക്കുന്നതല്ലെന്ന് വിമാന കമ്പനിയധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. ഡല്‍ഹിയിലേക്കുളള എസ് ജി 622 വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിനു തൊട്ടുമുമ്പ് അലഞ്ഞു നടന്നിരുന്ന പോത്തിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ എഞ്ചിനു തകരാറു പറ്റി. പിന്നീട്, യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ സൂററ്റ് വിമാനത്താവളത്തിലെ സ്ഥിരം ഭീഷണിയാണ്. രണ്ട് വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച താരതമ്യേന ചെറിയ വിമാനത്താവളമാണ് സൂററ്റിലേത്. ഇവിടുന്ന് ദിവസേന മൂന്ന് സര്‍വീസുകള്‍ മാത്രമാണ് ഉള്ളത്.