പ്രധാനമന്ത്രിയുടെ വിഐപി വിമാനം പഴഞ്ചനായി, പുതിയതൊന്ന് വേണം!

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (11:34 IST)
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദീര്‍ഘദൂരയാത്രകള്‍ക്ക് ഉപയോഗിക്കുന്ന വിമാനം പഴഞ്ചനായി. പകരം മറ്റൊരു വിമാനം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി‍. എയര്‍ ഇന്ത്യയുടെ ഇപ്പോള്‍ ഉപയോഗിക്കുന്ന ബോയിംഗ് 747 ജംബോ ജെറ്റ് വിമാനത്തിന് ഇരുപത് വര്‍ഷത്തെ പഴക്കമുണ്ട്. പുതിയ വിമാനത്തിന് ഇരട്ട എഞ്ചിന്‍ വേണോ നാല് എഞ്ചിന്‍ ഉള്ളത് വേണോ എന്ന് തീരുമാനിക്കാന്‍ പ്രതിരോധം, ധനകാര്യം, വ്യോമയാനം, വിദേശകാര്യം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും എസ്പിജിയും ഈമാസം യോഗം ചേരും.

ഇരട്ട എഞ്ചിനുള്ള വിമാനത്തിനും നാല് എഞ്ചിനുള്ളതിനും തമ്മില്‍ വിലയുടെ കാര്യത്തില്‍ വലിയ അന്തരമുണ്ട്. അതിനാല്‍ തന്നെ ആലോചിച്ച് മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാനാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബി-747, ബി-777, ബി-787 എന്നിവയാണ് ബോയിംഗില്‍ നിന്നുള്ള നാല് എഞ്ചിനുള്ള വിമാനങ്ങള്‍. നാല് എഞ്ചിനുള്ള എ-340,
ഇരട്ട എഞ്ചിനുള്ള എ-330 എന്നിവയും പരിഗണനയിലുണ്ട്. വലിയ ബോയിംഗ് വിമാനങ്ങളുടെ ഇപ്പോഴത്തെ വില 2282 കോടി രൂപ മുതലാണ്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കമുള്ളവര്‍ ഇന്ത്യയിലും അയല്‍രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ അറ്റക്കുറ്റപ്പണി നടത്തുന്നതും നോക്കി നടത്തുന്നതും വ്യോമസേനയാണ്. പുതിയ വിമാനം വാങ്ങുന്നത് എയര്‍ഇന്ത്യയില്‍ നിന്ന് വേണോ അതല്ല വ്യോമസേനയില്‍ നിന്ന് വേണോ എന്ന കാര്യവും മന്ത്രാലയ സെക്രട്ടറിമാര്‍ തീരുമാനിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :