സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു

കൊച്ചി| Sajith| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (10:25 IST)
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

രാവിലെ 8 മണി മുതല്‍ 12:30 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഒരു മണിയോടെ സ്വവസതിയായ അമ്മന്‍കോവില്‍ റോഡിലെ ആനന്ദ ഭവനത്തില്‍ കൊണ്ട് വരും. വൈകുന്നേരം നാല് മണിയോടെ രവിപുരം ശ്മശാനത്തിലാണ് ഭൗതിക ശരീരം സംസ്‌കരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി സംബന്ധിച്ച് അന്വേഷിച്ചത് ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ ആയിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞതാണെന്നും നാടിന് അപമാനമാണ് എന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിമര്‍ശനം.

1966 മുതല്‍ 1980 വരെ കേരള ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. 1982ലാണ് കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. പട്‌ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നതിന് ശേഷമായിരുന്നു സുപ്രീം കോടതി ജഡ്ജിയാവുന്നത്. 1997ലാണ് ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്‍ ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :