Last Modified ഞായര്‍, 30 ജൂണ്‍ 2019 (12:58 IST)
സ്ത്രീധനമായി വമ്പൻ തുക ആവശ്യപ്പെട്ട വരനേയും ബന്ധുക്കളെയും പൊലീസിലേൽപ്പിച്ച് വധു. ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയിഡയിലുള്ള കസ്നയിലാണ് സംഭവം നടന്നത്. സ്ത്രീധനം നൽകാതെ വന്നതോടെ വിവാഹം മുടങ്ങുകയും ചെയ്തു.
ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
വിവാഹം ഉറപ്പിച്ചത് മുതൽ നിരവധി നിബന്ധനകളായിരുന്നു വരൻ അക്ഷത് ഗുപ്ത വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് വിവാഹം, സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കും സ്വര്‍ണ നാണയങ്ങള്‍, അച്ഛനും തനിക്കും സ്വര്‍ണമാലകള്‍, വിവാഹത്തിന് എത്തുന്ന ബന്ധുക്കള്‍ക്ക് ദക്ഷിണയായി പണം. അങ്ങനെ പോകുന്നു നിബന്ധനകൾ.
വരന്റേയും കൂട്ടരുടെയും നിബന്ധനകളെല്ലാം അംഗീകരിച്ച ശേഷമായിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാൽ, വിവാഹത്തിനു രണ്ട് ദിവസം മുന്നേ ഒരു കോടി രൂപ കൂടി ഇവർ ആവശ്യപ്പെടുകയുണ്ടായി. പണം തന്നില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് വരെ ഇവർ പറഞ്ഞു. പണം നൽകാതെയായതോടെ വിവാഹം മുടങ്ങി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പരാതിയില്‍ 32കാരനായ അക്ഷത് ഗുപ്തയ്ക്കൊപ്പം ഇയാളുടെ അച്ഛന്‍ വിജയ് കുമാര്‍, അമ്മ രജനി ഗുപ്ത എന്നിവരുടേയും പേരുകള്‍ പെണ്‍കുട്ടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ വരന്റെ ആറ് സഹോദരിമാരുടേയും മറ്റ് ബന്ധുക്കളുടെ പേരും പരാതിയിലുണ്ട്. പണം നല്‍കാത്തതിനാല്‍ അച്ഛനെ എല്ലാവരുടേയും മുന്‍പില്‍ വച്ച് അക്ഷത് അപമാനിച്ചുവെന്നും വധു പറഞ്ഞു.