ഡൽഹിയിൽ ഗുരുതര സാഹചര്യം, അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് 10, 12 ക്ലാസുകൾ ഒഴികെ എല്ലാ സ്കൂളുകൾക്കും അവധി

pollution delhi
അഭിറാം മനോഹർ|
കടുത്ത വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജനജീവിതം കടുത്ത പ്രതിസന്ധിയില്‍. ദീപാവലി കൂടെ അടുത്തെത്തുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ദീപാവലിക്ക് ശേഷം 13 മുതല്‍ 20 വരെ നിരത്തുകളില്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തും. 10,12 ക്ലാസുകള്‍ ഒഴികെ രാജ്യതലസ്ഥാനത്തുടനീളമുള്ള എല്ലാ സ്‌കൂളുകളും നവംബര്‍ 10 വരെ അടച്ചിടും.

ബി എസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബി എസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. നിയമലംഘനത്തിന് 20,000 രൂപ പിഴയീടാക്കാന്‍ തീരുമാനമുണ്ട്. അവശ്യസാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. നവംബര്‍ 20 വരെയാണ് ഒറ്റ ഇരട്ട വാഹനനിയന്ത്രണം. അതിന് ശേഷവും നിയന്ത്രണം വേണമോ എന്ന് പിന്നീട് തീരുമാനിക്കും.

അതേസമയം ഹരിയാന സര്‍ക്കാരാണ് ഡല്‍ഹിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് എഎപി രംഗത്തെത്തി. ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതില്‍ ഉത്തര്‍പ്രദേശ്,ഹരിയാന സര്‍ക്കാരുകള്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റേ ആവശ്യപ്പെട്ടു. വായു നിലവാരസൂചിക 480ന് മുകളിലാണ് ഡല്‍ഹിയിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :