ഡല്‍ഹി ആം ആദ്മിക്ക്, ബിജെപി പ്രതിപക്ഷം, കോണ്‍ഗ്രസിന്റെ കാര്യം ‘സ്വാഹ‘ !

ഡല്‍ഹി, ആം ആദ്മി, ബിജെപി,  കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (15:20 IST)
പ്രവചനങ്ങള്‍ മാറിമറിയുന്ന ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ആവേശകരമായ കലാശകൊട്ടിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയും എഎപിയും തമ്മലുള്ള മത്സരം കടുക്കുന്നു. കഴിഞ്ഞ തവണ ത്രികോണ മത്സരമാണ് ഡല്‍ഹി കണ്ടതെങ്കില്‍ ഇക്കുറി പ്രചാരണം അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലില്ല. ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുമെന്നാണ് ഒടുവിലത്തെ അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടി തെറ്റിയെങ്കിലും ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി തെരഞ്ഞെടുപ്പിന് ഒരുങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പോസ്റ്റര്‍ തൊട്ട് ഫണ്ട് വിവാദം വരെ വേട്ടയാടിയിട്ടും എഎപിയുടെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. 40 ല്‍ അധികം സീറ്റ് നേടി കെജ്രിവാള്‍ ഡല്‍ഹി പിടിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം അഭിപ്രായ സര്‍വ്വേകളില്‍ പോലും ഡല്‍ഹിയില്‍ തൂക്കു സഭയെന്ന് പ്രവചിക്കുന്നവയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നലെ പുറത്തു വന്ന അഞ്ച് സര്‍വേ ഫലങ്ങളില്‍ നാലിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. ഇന്ത്യാ ടിവി-സി വോട്ടര്‍, ദി വീക്ക്-ഐഎംബിആര്‍, ഐബിഎം 7- ഡാറ്റ മിനേറിയ, സീ-തലീം റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നീ സര്‍വേകള്‍ ബിജെപിക്ക് 70-ല്‍ 36 സീറ്റുകള്‍ പ്രവചിച്ചു. ന്യൂസ് നേഷന്‍ നടത്തിയ സര്‍വേയില്‍ ബിജെപിക്ക് 31-35 വരേ സീറ്റും എഎപിക്ക് 30-34 സീറ്റും കണക്കാക്കി ഒരു തൂക്കു സഭയാണ് പ്രവചിച്ചത്.

ഇതുവരെയുള്ള തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിറഞ്ഞു നിന്നത് കേജ് രിവാളും എഎപിയും തന്നെയാണ്. നരേന്ദ്ര മോഡി തരംഗവും കിരണ്‍ ബേദിയും പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തെ പോലെ തന്നെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കുള്ള അജണ്ട നിര്‍ണയിച്ചതും എഎപി തന്നെ. അതു കൊണ്ട് തന്നെ കുടിവെള്ളം, വൈദ്യുതി, ചേരി, തൊഴിലവസരങ്ങള്‍, അഴിമതി തുടങ്ങിയവയാണ് പ്രചാരണങ്ങളിലുടനീളം നിറഞ്ഞു നിന്നത്. പ്രചാരണത്തിന് മുന്‍പ് ത്രികോണ മത്സരമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. എഎപി, ബിജെപി നേതാക്കളുടെ പ്രസംഗത്തില്‍ പോലും കോണ്‍ഗ്രസ് പരമാര്‍ശങ്ങളില്ല. സോണിയയും രാഹുലും റാലികള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ വിജയിക്കുമെന്ന് പാര്‍ട്ടിക്കു പോലും വിശ്വാസമില്ല. കഴിഞ്ഞ തവണത്തെ എട്ടു സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമോയെന്ന് കാത്തിരുന്നു കാണാം.

ബിജെപിയെ അപേക്ഷിച്ച് എഎപിക്ക് പ്രാദേശിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ കൂടുതല്‍ വ്യകതതയുണ്ട്. കൂടാതെ ചേരി നിവാസികളുടെ പിന്തുണയും ആപ്പിനാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്ലാ സര്‍വേകളിലും മുന്നിട്ടു നിന്നത് എഎപി നേതാവ് അരവിന്ദ് കേജ് രിവാള്‍ തന്നെ. 45 ശതമാനം പേര്‍ കേജ് രിവാളിനെ പിന്തുണച്ചപ്പോള്‍ ബിജെപിയുടെ കിരണ്‍ ബേദിക്ക് 33 ശതമാനം പേരുടെ പിന്തുണ മാത്രമേയുള്ളു. എഎപിയുടെ 49 ദിവസത്തെ ഭരണമാണ് ജനങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. അതിനാല്‍ ഡല്‍ഹി പിടിക്കാന്‍ ബിജെപിക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :