ഡെല്‍ഹിയില്‍ ഇനി മണ്ണെണ്ണ നിയമ വിരുദ്ധം!

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (15:13 IST)
രാജ്യ തലസ്ഥാനത്ത് ഇനി വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിയമ വിരുദ്ധമായി പ്രഖ്യാപിക്കും. തലസ്ഥാന നഗരത്തില്‍ എല്ലാ വീട്ടിലും പാചകവാതക കണക്ഷന്‍ ലഭ്യമാക്കിയതോടെയാണ് പുതിയ നീക്കം. 2012-13 വര്‍ഷത്തില്‍ മൂന്ന് എണ്ണക്കമ്പനികളുടെ സഹകരണത്തോടെ തുടങ്ങിയ പദ്ധതിയാണ് ലക്ഷ്യം കണ്ടത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പദ്ധതി പ്രകാരം പാചകവാതക കണക്ഷന്‍, രണ്ട് ബര്‍ണര്‍ ഗ്യാസ് സ്റ്റൗവ്, റെഗുലേറ്റര്‍, സുരക്ഷാക്കുഴല്‍എന്നിവ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതോടെ നഗരം പൂര്‍ണമായി മണ്ണെണ്ണ മുക്തമായെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ കമ്മിഷണര്‍ എസ്എസ് യാദവ് പ്രഖ്യാപിച്ചു.

പാചകാവശ്യത്തിനും മറ്റുമായി നഗരത്തില്‍ വിതരണം ചെയ്യപ്പെട്ടിരുന്ന നീലനിറമുള്ള മണ്ണെയാണ് നിരോധിക്കപ്പെട്ട വസ്തുവായി പ്രഖ്യാപിക്കുന്നത്. ജഗ്ഗി റേഷന്‍ കാര്‍ഡുള്ളവര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, ന്ത്യോദയ-അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകള്‍ എന്നിവരാണ് മുഖ്യമായും പാചകത്തിനായി മണ്ണെണ്ണ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള 3.56 ലക്ഷം കാര്‍ഡ് ഉടമകളുണ്ടായിരുന്നു. അതില്‍ പലര്‍ക്കും പാചകവാതക കണക്ഷനും ഉണ്ടായിരുന്നു

ഇനി ഇത്തരം മണ്ണെണ്ണ വിതരണം നിയമവിരുദ്ധമായി കണക്കാക്കി കര്‍ശന ശിക്ഷാനടപടിയുമുണ്ടാവും. നിയമവിരുദ്ധവിതരണം ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാനായി ഭക്ഷ്യവകുപ്പ് '1967' എന്ന നമ്പറില്‍ പ്രത്യേക ഹെല്‍പ് ലൈനും ഏര്‍പ്പെടുത്തി. പരാതി ബന്ധപ്പെട്ട വകുപ്പിനെ എഴുതി അറിയിക്കുകയും ചെയ്യാം . സബ്‌സിഡി പരിധിയില്‍പ്പെടാത്ത, വെള്ളനിറമുള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് വിലക്കില്ല.

നഗരം മണ്ണെണ്ണ മുക്തമായത് വഴി പ്രതിവര്‍ഷം 200 കോടി രൂപ സബ്‌സിഡി ഇനത്തില്‍ ലാഭിക്കാനാവും.കേന്ദ്രസര്‍ക്കാരില്‍ നിന്ന് 53,000 കിലോലിറ്റര്‍ മണ്ണെണ്ണയാണ് ഡല്‍ഹിക്ക് ലഭിച്ചിരുന്നത്. ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 12.5 ലിറ്റര്‍ മണ്ണെണ്ണ വീതം വിതരണം ചെയ്തിരുന്നു.

ലിറ്ററിന് 15 രൂപയായിരുന്നു വില. മണ്ണെണ്ണമുക്ത നഗരമായതോടെ വിഷാംശമുള്ള പുക, വായു മലിനീകരണം തുടങ്ങിയവ ഇല്ലാതാക്കി നഗരത്തെ സംരക്ഷിക്കാനും സാദ്ധ്യമാകുകയാണെന്ന് അധികൃതര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :