“ജയിലിലേക്ക് പോകാന്‍ തയ്യാറാവുക” - കേജ്‌രിവാളിനോട് ബിജെപി

ന്യൂഡല്‍ഹി| Sajith| Last Modified ശനി, 9 ജനുവരി 2016 (17:35 IST)
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്ക്‌ ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ്‌ അസോസിയേഷന്‍ അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപണമുന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാളിനെതിരെ ബി ജെ പി ദേശിയ സെക്രട്ടറി ശ്രീകാന്ത്‌ ശര്‍മ രംഗത്ത്.

തന്റെ ഇതുവരെയുള്ള
ഭരണ പരാജയവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മറിച്ചു വയ്ക്കുന്നതിനുവേണ്ടിയാണ് ബിജെപി നേതാക്കള്‍ക്ക്‌ എതിരെ തുടരെത്തുടരെ അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജയ്‌റ്റിലി സമര്‍പ്പിച്ച മാനനഷ്‌ടക്കേസില്‍ കേജ്‌രിവാളിനും എഎപി നേതാക്കള്‍ക്കും ഉടന്‍ തന്നെ ജയിലില്‍ കിടക്കേണ്ടിവരുമെന്നും ശ്രീകാന്ത്‌ ശര്‍മ പറഞ്ഞു.

എന്നാല്‍ സമിതി രൂപീകരിച്ചത് പൂര്‍ണമായും നിയമവിധേയമായിട്ടുതന്നെയാണെന്നും അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും
കേജ്‌രിവാള്‍ പറഞ്ഞു. കൂടാതെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നും കേജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

ഡിഡിസിഎയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ച് അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ അധികാരം ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ആഭ്യന്തരമന്ത്രാലയം ഇത്തരം ഒരു പ്രസ്താവന പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേയും പ്രതിഷേധവുമായി എഎപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അന്വേഷണവുമായി ഏതുവിധേനയും മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :