ദാവൂദിന്റെ ഇന്ത്യയിലെ ആസ്തികള്‍ കണ്ടുകെട്ടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 21 മെയ് 2015 (15:15 IST)

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പ്രതിസന്ധിയിലാക്കാന്‍ കൂടുതല്‍ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ദാവൂദിന്റെ ഇന്ത്യയിലെ ആസ്തികള്‍ കണ്ടെത്താനും അവ കണ്ടുകെട്ടാനും കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുളള രാജ്യത്തെ സ്വത്തുവകകള്‍ സംബന്ധിച്ച് നിര്‍ണ്ണായകമായ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചതായാണ് വിവരം.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി നിരവധി ആഡംബര കെട്ടിടങ്ങള്‍ ദാവൂദിന് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇവയുടെ നിജസ്ഥിതികള്‍ അറിയാന്‍ ആസ്തികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സാന്താക്രൂസ് വെസ്റ്റ് ജൂഹു താരാ റോഡില്‍ ദാവൂദിന്റെ പേരില്‍ ഫഌറ്റുകളും ഹോട്ടലുകളുമുളളതായാണ് സൂചനകള്‍. വോര്‍ളി, അന്ധേരി ഈസറ്റ്, മാഹിം എന്നിവിടങ്ങളിലും ദാവൂദിന്റെ ഉടമസ്ഥയില്‍ ആസ്തികള്‍ ഉളളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരമുണ്ട്.

പാക്കിസ്ഥാനില്‍ കഴിയുന്നുവെന്നു കരുതുന്ന ദാവൂദ് ഇബ്രാഹിം 1993ലെ മുംബൈ സഫോടന പരമ്പരയിലെ മുഖ്യപ്രതിയാണ്. ഇയാളുടെ പാകിസ്ഥാനിലെ സ്വത്തുവകകള്‍ മരവിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :