'ക്ഷയം വരെ മാറ്റാനുള്ള ശേഷി പശുവിനുണ്ട്, ഓക്‌സിജന്‍ പുറത്ത് വിടുന്ന ഒരേയൊരു ജീവി'; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വിചിത്ര വാദം

പശുവിനെ തലോടിയാല്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.

Last Modified ശനി, 27 ജൂലൈ 2019 (10:37 IST)
ഓക്‌സിജന്‍ പുറത്ത് വിടുന്ന ഒരേയൊരു ജീവിയാണ് പശുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തൃവേന്ദ്ര സിങ് റാവത്. പശുവിനെ തലോടിയാല്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ പാല്‍, മൂത്രം എന്നിവയുടെ ഔഷധ ഗുണങ്ങള്‍ മുഖ്യമന്ത്രി വിവരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ക്ഷയം വരെ മാറ്റാനുള്ള ശേഷി പശുവിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെറാഡൂണില്‍ പശുവിന്റെ പാലിന്റെയും മൂത്രത്തിന്റെയും മഹത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് ത്രിവേന്ദ്ര സിംഗ് തന്റെ ‘വിവരം’ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വാദത്തെ അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിച്ചു.

ഉത്തരാഖണ്ഡിലെ പര്‍വത മേഖലകളിലെ ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ കേരളത്തിലെ ബി.ജെ.പി നേതാവ് ജെ.ആര്‍ പത്മകുമാറും പശു ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന ജീവിയാണെന്ന് പറഞ്ഞിരുന്നു.

മുന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ വസുദേവ് ദെവാനിയും 2017ല്‍ സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഗരുഡ ഗംഗ നദിയിലെ വെള്ളം കുടിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ആവശ്യമായി വരില്ലെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ബിജെപി പ്രസിഡണ്ടും നൈനിത്താള്‍ എംപിയുമായ അജയ് ഭട്ട് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :