അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (11:08 IST)
മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെപോയത് സങ്കടപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി. പാർട്ടിയിലെ മുതിർന്ന നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും പകരം മറ്റൊരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും സിങ്‌വി കൂട്ടിച്ചേർത്തു.
'എഎപിയാണ് വിജയിക്കേണ്ടത്. ബിജെപി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാൽ സീറ്റുകൾ കുറവായിരിക്കും. ബിജെപി ജയിക്കുന്നില്ലല്ലോ എന്നതിൽ സന്തോഷമുണ്ട്. എപിയുടെ വിജയം ചെറിയതോതിൽ നിരാശാജനകമാണ്. വിദ്യാഭ്യാസ മേഖലയിൽ അവർ നല്ല പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ബിജെപി നടത്തിയ വലിയ പ്രചാരണങ്ങൾക്കനുസരിച്ച് സീറ്റുകൾ നേടാൻ അവർക്കായില്ല' -അഭിഷേക് സിങ്‌വി പറഞ്ഞു
ഡൽഹി തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ ആം ആദ്‌മി പാർട്ടി കൃത്യമായ ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ബിജെപിയും തങ്ങളുടെ സീറ്റ് നില കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെടുത്തിയപ്പോൾ ദേശീയ പാർട്ടിയായ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിട്ടില്ല.