ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 14 ജനുവരി 2015 (13:51 IST)
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളി അഗ്നിക്കിരയായ സംഭവത്തിലെ പ്രതിഷേധം കെട്ടടങ്ങാതെ ഇരിക്കുന്നതിനു പിന്നാലെ വീണ്ടും ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ കത്തോലിക്കാ ദേവാലയത്തിനു നേരേയായിരുന്നു ആക്രമണം. ദേവാലയത്തിനു
പുറത്തുണ്ടായിരുന്ന രൂപക്കൂട് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു.
ഇന്നു പുലര്‍ച്ചെ നാലേകാലോടെയായിരുന്നു സംഭവം. രൂപക്കൂട്ടില്‍ സ്ഥാപിച്ചിരുന്ന വേളാങ്കണ്ണി മാതാവിന്റെ രൂപം മറിച്ചിടുകയും രൂപത്തിലുണ്ടായിരുന്ന കൊന്ത പൊട്ടിച്ചെറിയുകയും ചെയ്തിട്ടുണ്ട്. അക്രമികളുടെ ദൃശ്യങ്ങള്‍ പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് ലത്തീന്‍ പള്ളിക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് പള്ളിക്ക് തീയിട്ടിട്ടാണ് അക്രമികള്‍ കടന്നുകളഞ്ഞത്. അതും ഇതേപോലെ പുലര്‍ച്ചെയായിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.