പി ചിദംബരം അറസ്റ്റിൽ

P Chidambaram, Congress HQ, INX Media, CBI, പി ചിദംബരം, കോണ്‍ഗ്രസ്, ഐ എന്‍ എക്സ് മീഡിയ, സി ബി ഐ
ന്യൂഡല്‍ഹി| Last Updated: ബുധന്‍, 21 ഓഗസ്റ്റ് 2019 (22:55 IST)
ഐ എൻ എക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ അറസ്റ്റുചെയ്തു. ജോർബാഗിലെ വസതിയിലെത്തിയാണ് സി ബി ഐ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 
 
സി ബി ഐ ആസ്ഥാനത്തെ കോൺഫറൻസ് റൂമിൽ ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. 
 
ചിദംബരത്തിന്റെ വീടിന് മുന്നിൽ അറസ്റ്റിന് ശേഷം ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ചിദംബരത്തെ വേട്ടയാടുകയാണ് സി ബി ഐ ചെയ്തതെന്ന് കാർത്തിക് ചിദംബരം പ്രതികരിച്ചു.

ഐ എന്‍ എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബമോ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പി ചിദംബരം എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വിശദമാക്കിയിരുന്നു. 

ഇപ്പോള്‍ തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും താന്‍ ഒളിച്ചോടിയെന്ന രീതിയിലുള്ള പ്രചരണം വാസ്തവവിരുദ്ധമാണെന്നും ചിദംബരം പറഞ്ഞു.
 
കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഇന്നുമുഴുവന്‍ തിരക്കിലായിരുന്നു. അല്ലാതെ ഒളിച്ചോടിയതല്ല. 
 
നിയമസംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. അതുവരെ കാത്തിരിക്കുകയാണ് നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സി ബി ഐ ചെയ്യേണ്ടത് - ചിദംബരം വ്യക്തമാക്കി.
 
ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അദ്ദേഹത്തെ തേടി നിരവധി തവണ സിബിഐ സംഘം വീട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചിദംബരം എവിടെയാണെന്ന് ഒരു സൂചനയും ലഭിച്ചില്ല. അതിനിടയിലാണ് അതിനാടകീയമായി എ ഐ സി സി ആസ്ഥാനത്ത് ചിദംബരം വാര്‍ത്താസമ്മേളനം നടത്തിയത്.

വാർത്താസമ്മേളനത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ ചിദംബരത്തെ വീടിന്റെ മതിൽ ചാടിക്കടന്നെത്തിയാണ് സി ബി ഐ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. 


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :