Last Updated:
ശനി, 16 മാര്‍ച്ച് 2019 (15:41 IST)
ചെന്നൈ: ഫുഡ് ഡെലിവറി ആപ്പുകൾ വഴി കുട്ടികൾക്ക് ഉച്ചഭക്ഷണം എത്തിക്കുന്നതിന് വിലക്കേർപ്പെടുത്തി ചെന്നൈയിലെ ഒരു സ്കൂൾ. ഊബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളുടെ ഡെലിവറി പേഴ്സൺസ് സ്കൂളിൽ നിരന്തരം പാഴ്സലുമായി എത്താൻ തുടങ്ങിയ സാഹചര്യത്തിലാണ്
സ്കൂൾ അധികൃതർ ഇത് വിലക്കിക്കൊണ്ട് സർക്കുലർ പുറത്തിറക്കിയത്.
സ്കൂളിന്റെ സുരക്ഷയും പോഷകമൂല്യമുള്ള ഭക്ഷണക്രമവും ഉറപ്പു വരുത്തിന്നതിനാണ് നടപടി എന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം എത്തിയൽ ഇത് തിരികെ അയക്കും എന്ന് അറിയിച്ചുകൊണ്ട് 12ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ കത്ത് നൽകിയിട്ടുണ്ട്.
സ്കൂളിൽ നിരന്തരം ഡെലിവറി ബോയ്സ് വരുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കും. സ്കൂളിൽ കുട്ടികൾ ഫോൺ ഉപയോഗിക്കില്ല എന്നതിനാൽ രക്ഷിതാക്കളോ, സുഹൃത്തുക്കളോ ആകാം ഭക്ഷണം ഓർദർ ചെയ്ത് നൽകുന്നത്. കുട്ടികളുടെ തുല്യതയെക്കൂടി കണക്കിലെടുത്താണ് ഇത്തരം ഒരു നടപടി എന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു.