കേന്ദ്രമന്ത്രിസഭ വികസിപ്പിക്കും, കേരളത്തിന് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി| Last Updated: വെള്ളി, 30 മെയ് 2014 (12:47 IST)
കേന്ദ്രമന്ത്രിസഭ ആഴ്ചകള്‍ക്കുള്ളില്‍ വികസിപ്പിച്ചേക്കും. വകുപ്പ് വീതംവെക്കലില്‍ ഘടകകക്ഷികള്‍ക്കും ബി.ജെ.പി.ക്കും ഉള്ളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തിരുന്നു. പ്രതിരോധമന്ത്രാലയത്തിന് മന്ത്രിയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രിസഭാവികസനം ആലോചിക്കുന്നത്.

മന്ത്രിസഭാവികസനത്തില്‍ കേരളത്തില്‍നിന്ന് ആരെയെങ്കിലും മന്ത്രിയാക്കാനുള്ള സാധ്യതയുമുണ്ട്. ഒ. രാജഗോപാല്‍, സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം, മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ മന്ത്രിയാക്കുമോയെന്നത് വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.

കഴിഞ്ഞദിവസം ജോഷി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തന്നെ മന്ത്രിസഭയിലെടുക്കണമെന്ന് ജോഷി അഭ്യര്‍ഥിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. 75 വയസ്സിന് മുകളിലുള്ള ആരെയും മന്ത്രിയാക്കേണ്ടതില്ലെന്ന ആര്‍.എസ്.എസ്സിന്റെ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് അദ്വാനിയെയും ജോഷിയെയും മാറ്റിനിര്‍ത്തിയത്.

ആദ്യ മന്ത്രിസഭാവികസനത്തില്‍ 25-ഓളം പേരെ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചനയാണുള്ളത്. പ്രതിരോധത്തിന്റെ താത്കാലിക ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കിയിരിക്കയാണ്. ആഴ്ചകള്‍ക്കുള്ളില്‍ പുതിയ മന്ത്രിയുണ്ടാകുമെന്ന് ജെയ്റ്റ്‌ലി കഴിഞ്ഞദിവസം വ്യക്തമാക്കുകയുണ്ടായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :