ന്യുഡല്‍ഹി|
Last Modified ബുധന്‍, 2 ജൂലൈ 2014 (15:38 IST)
അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യുരിറ്റി ഏജന്‍സി (എന്‍എസ്എ) ബിജെപിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. അമേരിക്കയുടെ നടപടി അസ്വീകാര്യമാണ്. ഇത്തരം നടപടികള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് യുഎസ് ഉറപ്പ് നല്‍കണമെന്നും കേന്ദ്രം അറിയിച്ചു. ഇന്ത്യയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയില്‍ ഇടപെടാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അഞ്ച് രാജ്യങ്ങളിലെ രാഷ്ട്രീയ കക്ഷികളെ നിരീക്ഷിക്കാന്‍ എന്‍എസ്എയ്‌ക്ക് കോടതി അനുമതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 2010ലാണ് എന്‍എസ്എയ്ക്ക് ഇത്തരമൊരു അനുമതി യുഎസ് കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ദ വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബിജെപിക്കു പുറമേ ലബനോനിലെ അമല്‍ പാര്‍ട്ടി, വെനസ്വേലയിലെ ബൊളിവറീയന്‍ കോന്റിനെന്റല്‍ കോര്‍ഡിനേറ്റര്‍, ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ്, ഈജിപ്തിലെ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട്, പാകിസ്ഥാനിലെ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയെയും നീരിക്ഷിക്കാനുള്ള അനുമതി എന്‍എസ്എ നേടിയിരുന്നു. 193 വിദേശ ഭരണകൂടങ്ങളും പ്രവര്‍ത്തനങ്ങളും മറ്റു സ്ഥാപനങ്ങളും 2010ല്‍ എന്‍എസ്എയുടെ നിരീക്ഷണത്തില്‍ വന്നിരുന്നുവെന്നും മുന്‍ എന്‍എസ്എ ഏജന്റ് എഡ്‌വേര്‍ഡ് സ്‌നോഡനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസിലെ ഫിസ ഭേദഗതി നിയമത്തിലെ 702ാം വകുപ്പുപ്രകാരം വിദേശ സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ എന്‍എസ്എയ്ക്ക് ഓരോ വര്‍ഷവും കോടതിയുടെ പുതിയ അനുമതികള്‍ വേണം. എന്‍എസ്എ നടത്തിയ രഹസ്യനീക്കങ്ങളുടെ ആയിരക്കണക്കിന് രേഖകള്‍ സ്‌നോഡന്‍ നേരത്തെ പുറത്തുവിട്ടിരുന്നു.