മന്ത്രിസഭാ പുനസംഘടന ഇന്ന്, യുവ-വനിതാ മുഖങ്ങൾക്ക് സാധ്യത, നിർമല സീതാരാമനെ മാറ്റിയേക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂലൈ 2021 (12:30 IST)
രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനസംഘടന ഉടൻ തന്നെയെന്ന് റിപ്പോർട്ട്. പുനസംഘടന ചർച്ചചെയ്യാനായി നേതാക്കൾ ഡൽഹിയിലെത്തി. ധനമന്ത്രി സ്ഥാനത്ത് നിന്നും നിർമല സീതാരാമനെ മാറ്റുമോ എന്നതാണ് ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്നത്. നിർമല സീതാരാമനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാൻ സധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏറെകുറെ ഉറപ്പായി.അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, എല്‍.ജെ.പി. വിമത വിഭാഗം നേതാവ് പശുപതി പരസ്, യു.പിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം പങ്കജ് ചൗധരി, റീത്താ ബഹുഗുണ ജോഷി, വരുണ്‍ ഗാന്ധി, രാഹുല്‍ കശ്വാന്‍, സി.പി. ജോഷി എന്നിവരാണ് ഡല്‍ഹിയില്‍ എത്തിയത്.

ജെ.ഡി.യു. എംപിമാരായ ആര്‍.സി.പി.സിങ്, ലല്ലന്‍ സിങ് എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈകീട്ട് ആറിന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ലവില്‍ പ്രധാനമന്ത്രി അടക്കം 54 പേരാണ് മന്ത്രിസഭയിലുള്ളത്. ഭരണഘടന പ്രകാരം 81 പേർക്ക് മന്ത്രിസഭയിൽ അംഗമാകാം.

രണ്ട് വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചില മന്ത്രിമാരെ ഒഴിവാക്കാനും പകരം യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ട്. വിവിധ മതസാമുദായിക വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിച്ചേക്കും. ആറ് മണിക്കാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുക. സംസ്ഥാന നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള എംപിമാർക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.

യുപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രതാ സിങ്, വരുണ്‍ ഗാന്ധി, റീത്താ ബഹുഗുണ ജോഷി, സകല്‍ദീവ് രാജ്ഭര്‍, രാം ശങ്കര്‍ കത്താരിയ, അജയ് മിശ്ര, പങ്കജ് ചൗധരി എന്നിവരാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :