രേണുക വേണു|
Last Modified വെള്ളി, 2 ജൂലൈ 2021 (12:00 IST)
അനിയന്ത്രിതമായ ഇന്ധനവില വര്‍ധന കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നതിനു ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞോ? ഉണ്ട്, മോദി അങ്ങനെ പറഞ്ഞിട്ടുണ്ട്. തെളിവ് സഹിതം ഹാജരാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ആണെന്ന് 2012 ലാണ് മോദി പറഞ്ഞിട്ടുള്ളത്. അന്ന് മോദിയും ബിജെപിയും പ്രതിപക്ഷത്തായിരുന്നു. 2012 ല്‍ രാജ്യം ഭരിച്ചിരുന്നത് യുപിഎ സര്‍ക്കാര്‍ ആയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് മോദി അന്ന് ഇങ്ങനെ പറഞ്ഞത്. അതിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ മോദിക്ക് തന്നെ ബൂമറാങ് ആയിരിക്കുകയാണ്.
രാജ്യത്ത് ഇപ്പോള്‍ ഇന്ധനവില കുതിച്ചുയരുകയാണ്. ദിനംപ്രതി പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍, ഇന്ധനവില നിയന്ത്രിക്കാന്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നാണ് പ്രധാനമായി ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. മോദിയുടെ തന്നെ പഴയ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെ ജനങ്ങള്‍ വിമര്‍ശിക്കുന്നത്.
അതേസമയം, രാജ്യത്ത് ഇന്നും പെട്രോള്‍ വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് കൂട്ടിയിട്ടുള്ളത്. ഡീസലിന് വില വര്‍ധിച്ചിട്ടില്ല. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്
99.26 രൂപയായി. ഡീസലിന് 94.97 രൂപ വിലയുണ്ട്. കഴിഞ്ഞ 32 ദിവസത്തിനിടെ 18 തവണയാണ് പെട്രോള്‍ വില കൂട്ടിയത്. കേരളത്തില്‍ അടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെട്രോളിന് നൂറ് രൂപയില്‍ കൂടുതലുണ്ട്.