ന്യൂഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 4 നവംബര്‍ 2015 (14:57 IST)
ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച സൂപ്പര്‍ സോണിക് മിസൈലാണ് ബ്രഹ്മോസ്. ലോകത്തില്‍ ഏറ്റവും വേഗം കൂടിയ ക്രൂസ് മിസൈലും നിലവില്‍ ബ്രഹ്മോസ് ആണ്. മണിക്കൂറില്‍ 3000 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് ചെന്ന് 290 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ നാവിക, വ്യോമ, കര സേനകളുടെ ഭാഗമായിക്കഴിഞ്ഞ ഈ മിസൈലിനെക്കുറിച്ച് ശത്രുരാജ്യങ്ങള്‍ക്ക് ആശങ്ക തോന്നിയില്ലെങ്കിലല്ലേയുള്ളു.
ആശങ്കകള്‍ക്ക് ശക്തികൂട്ടാന്‍ ഇതാ വരുന്നു ബ്രഹ്മോസ് രണ്ടാമന്. ശത്രുവിന്റെ ഇടത്തിലേക്ക് ഒന്നാമനേക്കാള്‍ വേഗത്തില്‍ പാഞ്ഞെത്തി പൊളിച്ചടക്കാന്‍ പോന്നവനാണ് ബ്രഹ്മോസ് രണ്ട്. മിസൈലിന്റെ പ്രതീക്ഷിത വേഗം മാര്‍ക് 7 ആണ്. അതായത് മണിക്കൂറില്‍ 10,000 കിലോമീറ്റര്‍! 300 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള ഈ കരുത്തന്റെ പരിധി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
2017ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മിസൈല്‍ 2020 ഓടെ സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മൊബൈല്‍ ലോഞ്ചറുകള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ബ്രഹ്മോസ് രണ്ടിന് 300 കിലോയോളം സ്ഫോടക വസ്തു വഹിക്കാന്‍ ശേഷിയുണ്ട്.
ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന ഈ മിസൈല്‍ സേനയുടെ ഭാഗമാകുന്നതൊടെ ഇന്ത്യയുടെ പ്രതിരോധ കരുത്തില്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. മിസൈലിന്റെ പരിധികൂട്ടാനായാല് പാകിസ്ഥാനിലും ചൈനയിലും ഏത് നിമിഷവും കണ്ണടച്ചു തുറക്കുന്നതിനകം ആക്രമണം നടത്താന്‍ സാധിക്കും. ഹൈപ്പര്‍ സോണിക്ല് വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ മിസൈല്‍ വേധ സംവിധാനങ്ങളെ കബളിപ്പിക്കാനും ബ്രഹ്മോസ് രണ്ടിന് സാധിക്കും