ബിജെപിയുടെ അക്കൌണ്ടില്‍ കോടികള്‍ കിലുങ്ങുന്നു, മുക്കിയ പണത്തിന് കണക്കില്ല!

ന്യൂഡല്‍ഹി| കണക്കുകളില്‍ നടത്തിയ തിരിമറി പുറത്തായി, ഒന്നും മിണ്ടാതെ ബിജെപി| Last Updated: ബുധന്‍, 25 ഫെബ്രുവരി 2015 (12:21 IST)
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഫണ്ടിലേക്ക് വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ 157.84 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്. കിട്ടിയ സംഭാവനകളില്‍ 92 ശതമാനവും 20,000 രൂപയ്ക്ക് മുകളില്‍ നല്‍കിയവരാണെന്നും ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതി ഗ്രൂപ്പിന്റെ സത്യ ഇലക്ട്രല്‍ ട്രസ്റ്റ്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, കെയ്ന്‍ ഇന്ത്യ എന്നിവരാണ് സംഭാവന നല്‍കിയ പ്രമുഖര്‍. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായിരുന്നു മിക്ക ഗ്രൂപ്പുകളും സംഭാവന നല്‍കിയത്.

അതേസമയം 2013-14 കാലത്ത് സംഭാവനയായി ലഭിച്ച തുക സംബന്ധിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കണക്കുകളില്‍ അപാകത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാലു ലക്ഷം രൂപയുടെ അജ്ഞാത സംഭാവനകളും ഒരേ ചെക്കിന്റെ നമ്പരില്‍ വ്യത്യസ്ത ഇടപാടുകള്‍ നടന്നതായുമാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (ADR) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 31നായിരുന്നു കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയെങ്കിലും ഡിസംബര്‍ 20നാണ് ബിജെപി കമ്മിഷന് കണക്ക് സമര്‍പ്പിച്ചത്.

ഒരേ ചെക്കിന്റെ നന്പരില്‍ മൂന്ന് ജോഡി ഇടപാടുകളാണ് നടന്നിരിക്കുന്നത്. പല ഇടപാടുകാരുടെയും പാന്‍ നമ്പര്‍ പോലും വ്യക്തമാക്കിയിട്ടില്ല എന്നും എഡി‌ആര്‍ കണ്ടെത്തിയിട്ടൂണ്ട്. സംഭാവഞ നല്‍കിയ ആളുകളുടെ വിലാസം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെയില്ല എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കൂടാതെ നാലു ലക്ഷം രൂപ സംഭാവന നല്‍കിയവരുടെ പേരോ വിലാസമോ ഇല്ല. വി.വി എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.25 ലക്ഷം രൂപയുടെ സംഭാവനയില്‍ നല്‍കിയത് ആരാണെന്ന് രേഖപ്പെടുത്തേണ്ടിടം ഒഴിച്ചിട്ടിരിക്കുകയാണ്.

അതേസമയം ചെക്കുകള്‍ക്ക് ഒരേ നന്പര്‍ വന്നത് അച്ചടിപ്പിശക് ആവാമെന്നാണ് ബി.ജെ.പിയുടെ നിലപാട്. പാര്‍ട്ടിയുടെ അക്കൗണ്ടുകളില്‍ ക്രമക്കേടുകള്‍ വന്നതിനെ കുറിച്ച് അന്വേഷിച്ച് ഉടന്‍ തന്നെ വിശദീകരണം നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 772 വ്യക്തികളില്‍ നിന്നായി 12.99 കോടി രൂപ ലഭിച്ചതായും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യ ഇലക്ട്രല്‍ ട്രസ്റ്റ് 41.37 കോടിയും സ്റ്റര്‍ലൈറ്റ് 15 കോടിയും കെയ്ന്‍ ഇന്ത്യ 7.50 കോടിയുമാണ് സംഭാവന നല്‍കിയത്.
അതേസമയം, ഇക്കാലയളവില്‍ സത്യ കമ്പനി 36.50 കോടി രൂപ കോണ്‍ഗ്രസിനും നാല് കോടി രൂപ എന്‍സിപിക്കും നല്‍കിയിരുന്നു.

2012-13 കാലത്തെ കണക്കുകള്‍ നോക്കുമ്പോള്‍ 2013-14 വര്‍ഷം ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ പാര്‍ട്ടികള്‍ക്കായി സംഭാവന ഇനത്തില്‍ 158 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്.
ബിജെപിയുടെ സംഭാവന വരവ് 2012-13ല്‍ 83.19 കോടിയായിരുന്നെങ്കില്‍ 105 ശതമാനം ഉയര്‍ന്ന് 2013-14ല്‍ ഇത് 170.86 കോടിയായി ഉയര്‍ന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :