ബീഹാറില്‍ തൂക്കുസഭ പ്രവചിച്ച് ടൈംസ് നൗ -സി വോട്ടർ അഭിപ്രായ സർവേ

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (12:01 IST)
ദേശീയ രാഷ്ട്രീയത്തില്‍ വ്യാപകമായ സ്വാധീനം ചെലുത്തിയേക്കാവുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടുമായി ടൈംസ് നൗ -സി വോട്ടർ അഭിപ്രായ സർവേ. തിരഞ്ഞെടുപ്പിനു ശേഷം ബീഹാറില്‍ തൂക്കുസഭ നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 243 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡി‌എ സഖ്യവും- നിതീകുമാല്‍ ലാലി പ്രസാദ് മഹാസഖ്യവും ഒപ്പത്തിനൊപ്പമെത്തുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നത്.


43 ശതമാനം വോട്ടുകള്‍ നേടി എന്‍‌ഡി‌എ സഖ്യം 117 സീറ്റുകള്‍ നേടുമ്പോള്‍ കഷ്ടിച്ച് ഒരു ശതമാനം വ്യത്യാസത്തിൽ 42 ശതമാനം വോട്ടുകള്‍ നേടി നിതീഷ് കുമാറിന്റെ വിശാല സഖ്യം 112 സീറ്റും നേടുമെന്നാണ് ടൈംസ് നൗ -സി വോട്ടർ അഭിപ്രായ സർവേ ഫലങ്ങള്‍ പറയുന്നത്. മറ്റ് 14 സീറ്റുകൾ ഇതര കക്ഷികൾ നേടും. സെപ്തംബർ ആദ്യവാരവും ഇപ്പോഴും നടത്തിയ സർവേകളിലെ വ്യത്യാസം ബീഹാറിലെ വോട്ടര്‍മാരുടെ മാറിയ മനസായാണ് സൂചിപ്പിക്കുന്നത്.

നേരത്തേ ഉണ്ടായ സര്‍വ്വേകളില്‍ ചിലത് എന്‍‌ഡി‌എയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചപ്പോള്‍ മറ്റു ചിലത് മഹാസഖ്യത്തിനാണ് സാധ്യത പ്രവചിച്ചത്. എന്നാല്‍ സി‌വോട്ടര്‍ സര്‍വ്വേയുടെ ഫലം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും നിതീഷ് മുഖ്യമന്ത്രിയായി തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നു. 16 ശതമാനം പേർ ബി.ജെ.പി നേതാവ് സുശീൽ മോഡിയെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു. 6.7 ശതമാനം മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിക്കൊപ്പവും 5.4 ശതമാനം ബിജെപി നേതാവ് ഷാനവാസ് ഹുസൈനൊപ്പവുമാണ്.

243 മണ്ഡലങ്ങളിലെ 7786 വ്യക്തികളുമായി നടത്തിയ അഭിമുഖത്തെ ആധാരമാക്കിയാണ് സർവേ പ്രസിദ്ധീകരിച്ചതെന്ന് സീ വോട്ടർ അവകാശപ്പെടുന്നു. മൂന്ന് ശതമാനം തെറ്റിന്റെ സാദ്ധ്യതയും ഫലം ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം സെപ്തംബർ എട്ടിന് ഇവര്‍ പ്രസിദ്ധീകരിച്ച സ‌ർവേയിൽ 102 സീറ്റുകൾ ബിജെപി സഖ്യത്തിന് ലഭിക്കുമെന്നാണ് ജനങ്ങൾ പ്രതികരിച്ചത്. 243 അംഗ നിയമസഭയില്‍ ഭരണം പിടിക്കാന്‍ 122 സീറ്റുകളെങ്കിലും ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ബീഹാറില്‍ തൂക്കുസഭയാണ് സര്‍വ്വേ പറയാതെ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :