രേണുക വേണു|
Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (10:06 IST)
കോവാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് സ്പ്രിംഗര്‍ നേച്ചര്‍ ജേണല്‍ പിന്‍വലിച്ചു. ഈ വര്‍ഷം മെയ് മാസത്തിലാണ് ഏറെ വിവാദമായ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഈ പഠന റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നിരുന്നു. ഭാരത് ബയോടെക് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്കെതിരെ അഞ്ച് കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയതിനു പിന്നാലെയാണ് ഈ ലേഖനം പിന്‍വലിച്ചത്.
' ലേഖനത്തിലെ നിഗമനങ്ങളില്‍ പൂര്‍ണ ഉറപ്പ് ഇല്ലാത്തതിനാല്‍ എഡിറ്റര്‍ ഈ പഠന റിപ്പോര്‍ട്ട് പിന്‍വലിക്കുന്നു. ഈ പഠന റിപ്പോര്‍ട്ട് വാക്‌സിനെ കുറിച്ച് അവ്യക്തമോ തെറ്റായതോ ആയ വ്യാഖ്യാനങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അവലോകനത്തില്‍ മനസിലായി. ഇക്കാരണങ്ങളാല്‍ പൊതുജനാരോഗ്യ മേഖലകളില്‍ നിന്നെല്ലാം ഈ റിപ്പോര്‍ട്ട് ഒഴിവാക്കാന്‍ പ്രസാധകര്‍ തീരുമാനിച്ചു,' സ്പ്രിംഗര്‍ നേച്ചര്‍ ജേണല്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ കുത്തിവയ്പ്പായ കോവാക്‌സിന്‍ സ്വീകരിച്ച മൂന്നില്‍ ഒരാള്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങള്‍ കാണപ്പെടുന്നു എന്നായിരുന്നു പഠന റിപ്പോര്‍ട്ട്. ആദ്യദിനം തന്നെ ഈ പഠന റിപ്പോര്‍ട്ടിനെ തള്ളി ഐസിഎംആര്‍ രംഗത്തെത്തിയിരുന്നു. കൊവാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനവുമായി സഹകരിച്ചിട്ടില്ലെന്നും ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിട്ടുള്ളതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ രാജീവ് ബഹല്‍ പറഞ്ഞു. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ചര്‍മരോഗങ്ങള്‍, നാഡികളെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയാണ് പാര്‍ശ്വഫലങ്ങളായി റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് പഠനത്തിലുള്ളത്.