എംഎല്‍എ ഹോസ്‌റ്റലില്‍ ബീഫ് പാര്‍ട്ടി; എംഎല്‍എയെ ബിജെപി അംഗങ്ങള്‍ തല്ലിച്ചതച്ചു

ബീഫ് പാര്‍ട്ടി , നിയമസഭയില്‍ മര്‍ദ്ദനം , റാഷിദ് , കാശ്‌മിര്‍
ശ്രീനഗർ| jibin| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (11:39 IST)
ബീഫ് നിരോധനത്തിനെതിരെ എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ സ്വതന്ത്ര എംഎല്‍എയെ നിയമസഭയ്ക്കകത്ത് വെച്ച് ബിജെപി അംഗങ്ങള്‍ തല്ലിച്ചതച്ചു.അവാമി ഇത്തെഹാദ് പാർട്ടി നേതാവ് എഞ്ചിനിയർ റാഷിദിനാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ഗോവധ നിരോധനത്തിനെതിരായ ഒരു സ്വകാര്യ ബിൽ അവതരിപ്പിയ്ക്കാനിരിയ്ക്കെയാണ് മർദ്ദനം.

റാഷിദ് നടത്തിയ ബീഫ് പാര്‍ട്ടിയെ കുറിച്ച് ബിജെപി എംഎല്‍എമാര്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സഭ ചേര്‍ന്ന ഉടനെ ബിജെപി എംഎല്‍എമാര്‍ വിഷയം ഉന്നയിക്കുകയും സംഭവം വാക്കേറ്റത്തിലെത്തുകയുമായിരുന്നു. ഇതിനിടെ ബിജെപി എംഎല്‍എമാര്‍ റാഷിദിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗോവധ നിരോധനത്തിനെതിരായ ഒരു സ്വകാര്യ ബിൽ അവതരിപ്പിയ്ക്കാനിരിയ്ക്കെയാണ് മർദ്ദനം.

നിയമസഭയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളെ മുഖ്യമന്തി മുഫ്തി മുഹമ്മദ് സയ്യീദ് അപലപിച്ചു. സംഭവത്തില്‍ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള അപലപിച്ചു. ബിജെപി എം.എല്‍.എമാരുടെ നടപടി തികച്ചും അപ്രതീക്ഷിതവും അസ്വീകാര്യവുമാണെന്നും ഇവര്‍ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും റാഷിദ് ആവശ്യപ്പെട്ടിട്ടു. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് ജമ്മു കാശ്‌മീരിലെ പിഡിപി - ബിജെപി സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് വിൽപ്പന നിരോധിയ്ക്കാനുള്ള ജമ്മു കാശ്‌മീർ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. മാടുകളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ചുകൊണ്ട് ജമ്മുകാശ്മീര്‍ ഹൈക്കോടതിയിലെ ജമ്മു ബെഞ്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടായിരുന്നു കശ്മീര്‍ ബഞ്ചിന്റേത്. തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് മരവിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :