ബാറുടമകള്‍ നിര്‍ബന്ധിച്ചതിനാലാണ് ഹാജരായതെന്ന് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി| VISHNU N L| Last Updated: ചൊവ്വ, 14 ജൂലൈ 2015 (20:36 IST)
കേരളാ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തിനെതിരെ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ബാറുടമകള്‍ നിര്‍ബന്ധിച്ചെന്ന്‌ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്‌ത്തഗി. എജിയുടെ നടപടി വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍.

കോടതിയില്‍ ഹാജരാകാനായി അനുമതി തേടിക്കൊണ്ട്‌ നിയമമന്ത്രി സദാനന്ദ ഗൗഡയ്‌ക്ക് നല്‍കിയ കത്തിലാണ്‌ റോഹ്‌ത്തഗി ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. കോടതിയില്‍ ഹാജരാകുന്നത്‌ കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമല്ലെന്നും കത്തില്‍ വ്യക്‌തമാക്കുന്നു. എജി ഹാജരാകുന്നതില്‍ നിയമ തടസമില്ലെന്നാണ് സോളിസ്റ്റര്‍ ജനറലിന്റെയും ഉപദേശം. അതിനാല്‍ റോഹ്ത്തഗിയെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞേക്കില്ല എന്നാണ് സൂചനകള്‍.

ബാറുടമകള്‍ക്കുവേണ്ടി എജി ഹാജരായതില്‍ അതൃപ്‌തി അറിയിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ കത്തയച്ചിരുന്നു. എജി കോടതിയില്‍ ഹാജരാകുന്നത്‌ പ്രധാനമന്ത്രി ഇടപെട്ട്‌ തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്‌ സൂചന. ഇതിനു പിന്നാലെയാണ്‌ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ബാറുടമകള്‍ നിര്‍ബന്ധിച്ചുവെന്ന്‌ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്‌ത്തഗി വെളിപ്പെടുത്തിയിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :