aparna shaji|
Last Modified ബുധന്‍, 9 നവംബര്‍ 2016 (18:25 IST)
കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500 രൂപ, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത് ജനങ്ങളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. എന്നാൽ, ബാങ്കുകാർ ജനങ്ങളെ കൈവിടില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ. ശനിയും ഞായറും രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. ആർ ബി ഐ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒരു ദിവസത്തെ അവധിക്ക് ശേഷം വ്യാഴാഴ്‌ച ബാങ്കുകള്‍ തുറക്കുമ്പോഴുള്ള തിരക്ക് എങ്ങനെ നിയന്ത്രിക്കാം എന്ന ആശങ്കയിലാണ് അധികൃതര്‍.
ശിശുദിനമായതിനാല്‍ തിങ്കളാഴ്‌ച ബാങ്ക് അവധിയാണ്. ഈ സാഹചര്യത്തിലാണ് ശനിയും ഞായറും ബാങ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനമായത്. കൈവശമിരിക്കുന്ന 500, 1000 നോട്ടുകള്‍ മാറ്റി വാങ്ങണമെങ്കില്‍ ബാങ്കുകള്‍ തുറക്കണം. ബാങ്കുകളില്‍ എത്രത്തോളം പണം എത്തിക്കാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ വ്യക്തത കൈവരുത്തിയിട്ടില്ല. സാധാരണക്കാര്‍ അടക്കമുള്ളവര്‍ കൂട്ടത്തോടെ എത്തുന്നതോടെ ബാങ്കിന്റെ മറ്റ് പ്രവര്‍ത്തനങ്ങളും വരുന്ന രണ്ട് ദിവസത്തേക്ക് നിശ്ചലമാകും. സര്‍ക്കാര്‍ ഇടപാടുകള്‍ ബുധനാഴ്‌ച കുറവായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വരും ദിവസങ്ങളിൽ അതെങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
പുതിയ 2000, 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്നാണ് വിവരം. അതിനിടെ ബാങ്കുകള്‍ തുറക്കുമ്പോഴുളള തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. പരമാവധി എടിഎമ്മുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി അറിയിച്ചു.