സ്‌റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി സന്ധ്യ കട്ജുവിനെ കണ്ടതെന്തിന്? സന്ദർശനം വിവാദത്തിലേക്ക്

എഡിജിപി ബി സന്ധ്യ കട്ജുവിനെ കണ്ടതിനു പിന്നിൽ?

ന്യൂഡൽഹി| aparna shaji| Last Updated: വ്യാഴം, 20 ഒക്‌ടോബര്‍ 2016 (09:01 IST)
എഡിജിപി ബി. സന്ധ്യ ജസ്റ്റിസ് കട്ജുവിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. സുപ്രീം കോടതിയിൽ സംസ്‌ഥാന സർക്കാരിനുള്ള സ്‌റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കിയായിരുന്നു എ ഡി ജി പിയുടെ സന്ദർശനം. തിങ്കളാഴ്ച വൈകിട്ടായിരുന്നു കൂടിക്കാഴ്ച. കോടതിയിൽ കേസ് നടപടികൾ കഴിഞ്ഞതിനു ശേഷമായിരുന്നു സന്ധ്യയുടെ സന്ദർശനം.

ജസ്‌റ്റിസ് കട്‌ജു നേരത്തെ സംസ്‌ഥാന സർക്കാരിനു നിയമോപദേശം വാഗ്‌ദാനം ചെയ്‌തിരുന്നു.
എന്നാൽ, സൗമ്യ കേസിൽ കോടതിവിധിക്കെതിരെ വിവാദ പരാമർശം നടത്തിയ ജസ്‌റ്റിസ് കട്‌ജുവിന്റെ ഉപദേശം തേടുന്നത് അനുചിതമാവുമെന്നും അറ്റോർണി ജനറലിനെ സമീപിക്കാമെന്നുമാണു സർക്കാരിന്റെ നിയമോപദേശകർ നിലപാടെടുത്തത്.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയ വിധി തെറ്റാണെന്ന നിലപാടു കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരിക്കാന്‍ കട്ജുവിനോട് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

സന്ധ്യ സ്‌റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി കട്‌ജുവിനെ സന്ദർശിക്കാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്‌തമല്ല. കേസില്‍ നിയമസഹായം അഭ്യര്‍ഥിച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും കാരണം വ്യക്തമല്ല. നിയമമന്ത്രിക്ക് അനൗദ്യോഗികമായി ഉപദേശം നൽകുന്ന ദീപക് പ്രകാശിന്റെ അഭിപ്രായം സ്വീകരിച്ചാണു നടപടിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :