അപര്‍ണ|
Last Modified വെള്ളി, 13 ഏപ്രില്‍ 2018 (07:50 IST)
ആസിഫയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതിഷേധം രാജ്യമാകെ പുകഞ്ഞുകത്തുന്നു. സോഷ്യല്‍ മീഡിയയില്‍ ആസിഫ സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ടി വി ചാനലുകളില്‍ ആസിഫയ്ക്കെതിരായ ക്രൂരത തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.
സംഭവത്തില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. കത്തുവ എന്ന നാടിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്ക്. തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടത്.
ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും.. ഓരോ തവണയും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോള്‍ നാം രോഷാകുലരാകും, പ്രതികരിക്കും.
പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകള്‍ക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കാം. മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.