സിബിഐ അവരുടെ ജോലിയാണ് ചെയ്യുന്നത്; റെയ്‌ഡില്‍ കേന്ദ്രത്തിന് പങ്കില്ല: വെങ്കയ്യ നായിഡു

അരവിന്ദ് കേജരിവാള്‍ , സിബിഐ റെയ്‌ഡ് , നരേന്ദ്ര മോഡി , ഓഫീസ് റെയ്‌ഡ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (12:01 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു. സിബിഐ ഒരു സ്വതന്ത്ര ഏജന്‍സിയാണ്. സിബിഐയെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിപാടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തോടെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സിബിഐയെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കാറില്ല. സിബിഐ തങ്ങളുടെ ജോലി ചെയ്യുകയാണ്. ഇത്തരം സംഭവങ്ങളെ ആയുധമാക്കുന്നത് ആംആദ്മി സര്‍ക്കാരിന്റെ ശീലമാണ്. എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രിയുടെ പേര് വലിച്ചിഴയ്‌ക്കുന്നതും കേന്ദ്രവുമായി ഏറ്റുമുട്ടുന്നതും കേജ്‌രിവാള്‍ ഒരു അലങ്കാരമായി കൊണ്ടുനടക്കുകയാണെന്നും
വെങ്കയ്യ നായിഡു പറഞ്ഞു.

അതേസമയം, സിബിഐ റെയ്‌ഡിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിമര്‍ശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി. പ്രധാനമന്ത്രി ഭീരുവും മനോരോഗിയുമാണ്. തന്നെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാൻ സാധിക്കാത്തതാണ് റെയ്‌ഡിന് കാരണമാക്കിയത്. ഡൽഹി സർക്കാരിനെ അപമാനിക്കാനുള്ള നീക്കമാണ് റെയ്‌ഡിന് പിന്നില്‍. മുഖ്യമന്ത്രിയുടെ ഓഫിസിലല്ല റെയ്ഡ് നടത്തിയതെന്ന സിബിഐ നിലപാട് കള്ളമാണെന്നും കേജ്‌രിവാൾ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള കേജ്‌രിവാളിന്റെ ഓഫീസില്‍ മുന്നറിയിപ്പില്ലാതെ സിബിഐ സംഘം പരിശോധന നടത്തിയത്. ഇതിനുശേഷം ഓഫീസ് മുദ്രവെച്ചു. ഓഫീസ് സീല്‍ ചെയ്തതായി കേജ്‍രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

ന്യൂഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള ഓഫീസിലാണ് സിബിഐ റെയ്‌ഡ് നടത്തിയത്. ഓഫീസില്‍ പ്രവേശിച്ച സിബിഐ സംഘം മുറിയില്‍ പരിശേധിച്ച ശേഷം ഓഫീസ് മുദ്രവെക്കുകയായിരുന്നു. അതേസമയം, കേജ്‌രിവാളിന്റെ ഓഫീസില്‍ റെയ്‌ഡ് നടത്തിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. കേജ്‌രിവാളിന്റെ പ്രിന്‍‌സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസിലാണ് പരിശേധന നടത്തിയതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :