ആര്‍ ശങ്കറിനെ ആർഎസ്എസുകാരനാക്കരുത്; ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കറിന്റെ കുടുംബം

ആര്‍ ശങ്കര്‍ പ്രതിമ , നരേന്ദ്ര മോഡി , കൊല്ലം , എസ് എന്‍ ഡി പി
കൊല്ലം| jibin| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (08:31 IST)
വിവാദങ്ങള്‍ക്കിടെ ആര്‍ ശങ്കറിന്റെ പ്രതിമ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിലക്കിയതിനെതിരെ ശങ്കറിന്റെ കുടുംബം രംഗത്ത്. മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. ഈ നടപടിയിലൂടെ സംഘാടകര്‍ മുഖ്യമന്ത്രിയെ അപമാനിച്ചുവെന്നും ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പറഞ്ഞു.

ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്കു പിന്നില്‍ ചിലരുടെ കറുത്ത കൈകളാണ്. ആര്‍ ശങ്കറിനെ ആര്‍ എസ് എസുകാരനാക്കരുത്. അദ്ദേഹത്തെ ആര്‍എസ്എസുകാരനാക്കി ചിത്രീകരിക്കുന്നതില്‍ വേദനയുണ്ട്. എസ്എന്‍ഡിപി യോഗവും രാഷ്‌ട്രീയവും രണ്ടായി പോകണം. കെപിസിസി പറഞ്ഞിട്ടല്ല ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു.

വൈകീട്ട് 3 മണിക്ക് കൊല്ലം ശ്രീനാരായണ കോളജിലാണ് ചടങ്ങ് നടക്കുക. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനാല്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ല. കൊച്ചിയില്‍ നിന്നു ഹെലികോപ്‌റ്ററില്‍ ഉച്ചയ്‌ക്ക് രണ്ടരയോടെ കൊല്ലം ആശ്രാമം മൈതാനത്തെത്തും.

ഏഴായിരം പേര്‍ക്ക് ഇരിക്കാവുമ്മ പന്തലാണ് ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്കുള്ള പാസും വിതരണം ചെയ്‌തിട്ടുണ്ട്. 2.35നാണ് ചടങ്ങെങ്കിലും
ഒന്നരയ്‌ക്ക് മുന്‍പ് തന്നെ പാസുമായി പന്തലില്‍ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍, കുട, വെള്ളക്കുപ്പി, ലൈറ്റര്‍, തീപ്പട്ടി, ബാഗ് എന്നിവയുമായി പന്തലില്‍ പ്രവേശിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. ഈ ചടങ്ങിനുശേഷം പ്രധാനമന്ത്രി ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തും.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഭയന്ന് സ്ഥലത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.


(ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍ ന്യൂസ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :