മുംബൈ|
vishnu|
Last Modified വ്യാഴം, 29 ജനുവരി 2015 (13:17 IST)
മോഡിയേയും കേന്ദ്രസര്‍ക്കാരിനേയും വെട്ടിലാക്കി അഴിമതി വിരുദ്ധ സമരക്കാരനായ ഗാന്ധിയന്‍ അണ്ണാ ഹസാരെ വീണ്ടും സമരത്തിനൊരുങ്ങുന്നു. തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല എന്നാലോചിച്ചാണ് ഹസാരെ സമരത്തിനൊരുങ്ങുന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് ഇതുവരെയും വാക്കു പാലിക്കാത്ത മോഡി സര്‍ക്കാരിനെതിരെ തുറന്ന പോരിനൊരുങ്ങുകയാണെന്നാണ് ഹസാരെ പറഞ്ഞിരിക്കുന്നത്.
ഭരണത്തിലേറി നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ കൊണ്ടു വരാമെന്നാണ് മോഡി ജനങ്ങള്‍ക്ക് വാക്കു തന്നത്. എന്നാല്‍ ഭരണത്തിലേറി എട്ടു മാസം കഴിഞ്ഞിട്ടും അഴിമതിക്കെതിരെയുള്ള നീക്കങ്ങള്‍ക്കും ലോക്പാല്‍ ബില്ലിനും മോഡി ഒരു പ്രാധാന്യവും കല്‍പ്പിച്ചിട്ടില്ലെന്ന് ഹസാരെ പറയുന്നു.അതുകൊണ്ടു തന്നെ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരുമെന്നും അതില്‍ നിന്നും പതിനഞ്ച് ലക്ഷം വീതം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും മോഡി പറഞ്ഞിരുന്നു. എന്നാല്‍ മോഡി സര്‍ക്കാരിന് പതിനഞ്ച് രൂപ പോലും നിക്ഷേപിക്കാന്‍ ഇതുവരെ കവിഞ്ഞിട്ടില്ലെന്നും ബിജെപി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഹസാരെ ആരോപിച്ചു.
അതേസമയം നടക്കാന്‍ പോകുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിലെ തന്റെ സഹയാത്രികരായിരുന്ന കെജ്രിവാളിനേക്കുറിച്ചും കിരന്‍ ബേദിയേക്കുറിച്ചും സംസാരിക്കാന്‍ ഹസാരെ വിസമ്മതിച്ചു. ഇവരെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും രാജ്യത്തെക്കുറിച്ചാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ ആരെ തെരഞ്ഞെടുക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ഹസാരെ വ്യക്തമാക്കി.
ടുജി സ്പെക്ട്രം കേസില്‍ അഴിമതി നടന്നു എന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഇപ്പോള്‍ ആംആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്രിവാളും, ബിജെപി സ്ഥാനാര്‍ഥിയായ കിരണ്ബേദിയുമൊന്നിച്ച് ഹസാരെ സമരം തുടങ്ങിയത്. രാജ്യമൊട്ടാകെ കോണ്‍ഗ്രസ് വിരുദ്ധ വികാരം വളരാന്‍ ഹസാരെയുടെ സമരത്തിന് സാധിച്ചിരുന്നു. ഇതില്‍ നിന്നുണ്ടായ അനുകൂല സാഹചര്യമാണ് ബിജെപിക്ക് അധികാരം പിടിക്കാന്‍ കാരണമായത്. എന്നാല്‍ ബിജെപിക്കെതിരെ ഹസാരെ സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത് പ്രാധാന്യത്തൊടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.