ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വമെന്ന് ഒബാമ

ന്യൂഡല്‍ഹി| Joys Joy| Last Modified ചൊവ്വ, 27 ജനുവരി 2015 (11:59 IST)
ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഡല്‍ഹിയില്‍ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മുത്തച്‌ഛന്‍ പാചകക്കാരന്‍ ആയിരുന്നു. മിഷേലിന്റെ കുടുംബത്തില്‍പ്പെട്ടവരില്‍ മിക്കവരും അടിമവംശജര്‍ ആയിരുന്നു. തങ്ങള്‍ക്കൊക്കെ രാഷ്‌ട്രത്തിന്റെ നേതൃത്വത്തിലേക്ക് ഉയരാന്‍ കഴിഞ്ഞത് ഇരുരാജ്യങ്ങളുടെയും ജനാധിപത്യത്തിന്റെ മഹത്വം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യമാണ് ഇന്ത്യയുടെ ശക്തി. ഈ ഐക്യവുമായി മുന്നോട്ടു പോയാല്‍ ലോകത്തെ ശക്തിയാകാന്‍ ഇന്ത്യയ്ക്ക് കഴിയും. എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വാതന്ത്യമുള്ള രാജ്യമാണ് ഇന്ത്യ.

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മികച്ച പങ്കാളികളാകാന്‍ കഴിയുമെന്നും ഒബാമ പറഞ്ഞു. യു എന്നില്‍ ഇന്ത്യയെ സ്ഥിരാംഗമാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും ഒബാമ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ സമാനതകളില്ലാത്ത സൌഹൃദമാണ് ഉള്ളതെന്നും ഒബാമ പറഞ്ഞു.

ദില്ലി സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം തുറന്നു. ആണവകരാറിലൂടെ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്കയ്ക്ക് കഴിയും. അടിസ്ഥാന സൌകര്യവികസനത്തിലും ആരോഗ്യമേഖലയിലും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകും.
ഇന്ത്യയുടെ യുവത്വവും ആദര്‍ശങ്ങളും കൂടുതല്‍ കരുത്തും ഊര്‍ജ്ജവും നല്കുന്നുവെന്നും ഒബാമ പറഞ്ഞു.

കേരളത്തിലെ കായല്‍ മുതല്‍ ഗംഗയിലെ ജല വരെ ഉപയോഗിച്ച് ശുദ്ധമായ ഊര്‍ജ്ജം ഉണ്ടാക്കാന്‍ കഴിയണമെന്നും ഒബാമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :