ന്യൂഡൽഹി|
JOYS JOY|
Last Modified ശനി, 5 മാര്‍ച്ച് 2016 (08:44 IST)
ഹൈദരബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയാണ് തന്റെ മാതൃകയെന്നും അഫ്‌സല്‍ ഗുരുവല്ലെന്നും ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ എൻ യുവിലെ വിദ്യാർഥികളിൽ ദേശവിരുദ്ധരില്ലെന്ന് തനിക്കുറപ്പാണ്. നികുതി നല്കുന്നവരുടെ പണം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാർഥികൾ പൊതുപണം ഉപയോഗിച്ചാണ് പഠിക്കുന്നതെന്നും അതിനോട് നീതി പുലർത്തണമെന്നും കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് നികുതി നൽകുന്നവരുടെ പണം സുരക്ഷിതമാണെന്ന് കനയ്യ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഒരു നേതാവല്ല, വിദ്യാർഥിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിമിതി തനിക്ക് മനസിലാകും. എന്നാൽ, എന്താണ് സ്വാതന്ത്യമെന്ന് തനിക്കറിയാമെന്നും അംബേദ്‌കറിന്‍റെ സ്വപ്നം യാഥാർഥ്യമാക്കാനാണ് ജെ എൻ യുവിലെ വിദ്യാർഥികൾ സമരം ചെയ്യുന്നതെന്നും കനയ്യ പറഞ്ഞു.
ഭരണഘടനയുടെ ആത്മാവ് നശിപ്പിക്കുന്ന എല്ലാ ശക്തികളെയും ചെറുത്ത് തോൽപിക്കും. ഭരണഘടന എന്നാൽ വെട്ടിമാറ്റാവുന്ന വിഡിയോ അല്ല. സർക്കാരിനെതിരെ ആരെങ്കിലും സംസാരിച്ചാൽ ഉടൻ തന്നെ കോണ്ടം തെരയാൻ വേണ്ടി ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും കനയ്യ പരിഹസിച്ചു.
ഫെബ്രുവരി ഒമ്പതിന് ജെ എന്‍ യു കാമ്പസില്‍ നടന്ന സംഭവങ്ങളെ അപലപിക്കുന്നു. അവ രാജ്യദ്രോഹമാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ. വിദ്യാര്‍ത്ഥിസമരങ്ങളെ അടിച്ചമർത്താൻ രാജ്യദ്രോഹ കുറ്റം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.