സിനിമ പ്രദര്‍ശിപ്പിക്കാന്‍ അഞ്ചുകോടി നല്കണമെന്ന എം എന്‍ എസ് നിര്‍ദ്ദേശത്തെ താന്‍ എതിര്‍ത്തു; സിനിമയുടെ നിര്‍മ്മാതാക്കളും യോജിച്ചില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

എം എന്‍ എസ് നിര്‍ദ്ദേശത്തെ താന്‍ എതിര്‍ത്തിരുന്നെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:49 IST)
‘യേ ദില്‍ ഹേ മുഷ്‌കില്‍’ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അഞ്ചുകോടി സൈനിക ക്ഷേമനിധിയിലേക്ക് നല്കണമെന്ന എം എന്‍ എസ് നിര്‍ദ്ദേശം താന്‍ എതിര്‍ത്തിരുന്നെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. പാക് താരത്തെ അഭിനയിപ്പിച്ചതിനെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായപ്പോള്‍ ആയിരുന്നു എം എന്‍ എസ് ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.

പാക് താരത്തെ അഭിനയിപ്പിച്ചതിനാല്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എം എന്‍ എസ് നേതാവ് രാജ്‌ താക്കറെയെയും നിര്‍മ്മാതാക്കളെയും പങ്കെടുപ്പിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ ആയിരുന്നു സൈനിക ക്ഷേമനിധിയിലേക്ക് നിര്‍മ്മാതാക്കള്‍ അഞ്ചുകോടി നല്കണമെന്ന നിര്‍ദ്ദേശം എം എന്‍ എസ് മുന്നോട്ടു വെച്ചത്.

മൂന്നു ഉപാധികളായിരുന്നു രാജ്‌ താക്കറെ മുന്നോട്ടു വെച്ചത്. അതില്‍ അഞ്ചുകോടി നല്കുന്നത് ഒഴിച്ച് മറ്റു രണ്ടു ഉപാധികളും നിര്‍മ്മാതാക്കളുടെ സംഘം സ്വീകരിച്ചു. സംഭാവന നല്കാന്‍ താക്കറെ നിര്‍ബന്ധിച്ചപ്പോള്‍ അത് അവര്‍ സ്വമേധയാ നല്കേണ്ടതാണെന്നായിരുന്നു തന്റെ നിലപാട്. എന്നാല്‍, യോഗത്തില്‍ നിര്‍മ്മാതാക്കള്‍ ആ നിര്‍ദ്ദേശവും സ്വീകരിക്കുകയായിരുന്നെന്നും ഫട്‌നാവിസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :