മാവോയിസ്റ്റ് ക്യാമ്പില്‍ തന്നെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു എന്ന് കീഴടങ്ങിയ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തക വെളിപ്പെടുത്തുന്നു. വ്യാഴാഴ്ച ഒറീസയിലെ കിയോന്‍ജറില്‍ കീഴടങ്ങിയ സബിത മുണ്ട എന്ന 24കാരിയാണ് മാവോയിസ്റ്റ് ക്യാമ്പിലെ പീഡന കഥ വെളിപ്പെടുത്തിയത്.
2005 മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സബിത പല ആക്രമണങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, മുതിര്‍ന്ന നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കാനാവാതെയാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു.
പീഡനത്തെ കുറിച്ച് താന്‍ പലതവണ പരാതിപ്പെട്ടിട്ടും അത് തുടര്‍ന്നു. കേഡറിലെ വനിതകളുടെ എല്ലാം സ്ഥിതി ഇതു തന്നെയാണെന്നും സബിത പറയുന്നു.
ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഒറീസയില്‍ താവളമുറപ്പിച്ചിരിക്കുകയാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ളയിടങ്ങളിലെ കാടുകളില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളുടെ ശേഖരം കണ്ടെടുത്തിട്ടുണ്ട് എന്നും സബിതയുടെ വെളിപ്പെടുത്തല്‍ മാവോയിസ്റ്റ് ക്യാമ്പുകളിലെ പീഡനങ്ങളിലേക്ക് കൂടുതല്‍ വെളിച്ചംവീശുന്നു എന്നും എസ്പി ആശിഷ് കുമാര്‍ സിംഗ് പറഞ്ഞു. ഗോത്രവര്‍ഗ്ഗക്കാരായ സ്ത്രീകളാണ് മാവോയിസ്റ്റ് പീഡനങ്ങള്‍ക്ക് ഇരയാവുന്നതെന്നും എസ്പി ചൂണ്ടിക്കാട്ടി.