‘ഏപ്രില്‍ ഫൂള്‍’ ചതി ആണെന്നറിയാതെ, പ്രിയ നടിമാരെ കാണാന്‍ മലകയറിയ ആറായിരത്തോളം പേര്‍ വഞ്ചിക്കപ്പെട്ടു. ബംഗളൂരിലാണ് ആരാധകര്‍ക്ക് ഈ ചതി പറ്റിയത്. ബംഗളൂരില്‍ നിന്നുള്ള ഒരു പ്രമുഖ എഫ്‌എം ചാനലാണ് ഈ പണി പറ്റിച്ചത്.
ബംഗളൂരില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നന്തി മലയില്‍ (നന്തി ഹില്‍സ്) ഏപ്രില്‍ ഒന്നാം തീയതി തങ്ങളുടെ പുതിയ എഫ്‌എം സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യപ്പെടുമെന്നും പ്രമുഖ നടികള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും എന്നുമാണ് എഫ്‌എം റേഡിയോ പരസ്യം ചെയ്തത്.
പ്രിയങ്കാ ചോപ്ര, ബിപാഷാ ബസു, കത്രീ കൈഫ് തുടങ്ങിയ നടിമാരുടെ പേര് കേട്ടതും ഏപ്രില്‍ ഒന്നിന് കാലത്ത് ആറുമണിക്ക് തന്നെ നന്തി മലയുടെ താഴ്‌വാരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി.
സര്‍ക്കാര്‍ ഇടവും ടൂറിസ്റ്റ് സ്പോട്ടുമാണ് നന്തി ഹില്‍സ്. അതിനാല്‍, മലകയറണമെങ്കില്‍ നിശ്ചിത തുക ഫീസ് അടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് നന്തി ഹില്‍സ് തുറന്ന് കൊടുക്കുന്നത് വരെ ആരാധകര്‍ കാത്തുനിന്നു. ടിക്കറ്റ് കിട്ടിയവര്‍ ക്ഷീണമൊന്നും ഇല്ലാതെ മലയുടെ ഉച്ചിയിലേക്ക് ഓടിക്കയറി.
മുകളില്‍ എത്തിയപ്പോഴാണ് നടിമാരും എഫ്‌എം സ്റ്റുഡിയോയുടെ ഓഫീസും അവിടെയില്ലെന്നും തങ്ങള്‍ ഏപ്രില്‍ ഫൂള്‍ തമാശയുടെ ഇരയാവുകയായിരുന്നുവെന്നും ആളുകള്‍ക്ക് മനസിലായത്. മണ്ടത്തരം പറ്റിയ കാര്യം ആരുമറിയണ്ട എന്നോര്‍ത്ത് തലയും താഴ്ത്തി എല്ലാവരും വീടുകളിലേക്ക് മടങ്ങി.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര് നന്തി മല കാണാന്‍ എത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വെറും രണ്ട് മണിക്കൂര്‍ കൊണ്ട് എഴുപതായിരം രൂപയുടെ വരുമാനമാണ് നന്തി മല ഓഫീസിന് ലഭിച്ചത്.
സര്‍ക്കാര്‍ ഇടത്തില്‍ സ്വകാര്യ എഫ്‌എം ചാനലിന്റെ കെട്ടിടം എങ്ങനെ പ്രവര്‍ത്തിക്കും എന്നോ ദിവസം ഏപ്രില്‍ ഒന്നാണെന്നോ ചിന്തിക്കാതെ ചതി പറ്റിയവരില്‍ സാധാരണക്കാര്‍ മാത്രമല്ല, വിദ്യാര്‍ത്ഥികളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരും പ്രണയജോടികളും ഒക്കെ ഉണ്ടായിരുന്നുവെത്രെ.