സല്‍മാന്‍, ആമിര്‍, ഷാരൂഖ് എന്നീ ബോളിവുഡ് ഖാന്‍ ത്രയങ്ങളെ കുറിച്ച് ദക്ഷിനേന്ത്യന്‍ സുന്ദരി അസിന്‍ മനസ്സുതുറക്കുന്നു. സല്‍മാന്‍ ഖാന്‍ ലക്‍ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ആമിര്‍ ഖാന്‍ ശാന്തനും ഷാരൂഖ് എപ്പോഴും സന്തോഷവാനാണെന്നുമാണ് അസിന്റെ വിലയിരുത്തല്‍.
അസിന്റെ ആദ്യ ചിത്രമായ ഗജിനിയില്‍ ആമിര്‍ഖാനായിരുന്നു നായകന്‍. 2008 ലെ സൂപ്പര്‍ ഹിറ്റ് ചിത്രം അസിന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ സഹായകമായി. 2009 ല്‍ സല്‍മാന്‍ ഖാനുമൊത്ത് ലണ്ടന്‍ ഡ്രീംസില്‍ അഭിനയിച്ചു.
ഫിലിംഫെയര്‍ അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ എത്തിയപ്പോഴാണ് അസിന്‍ ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഫെബ്രുവരി 27 ന് ആണ് ഫിലിംഫെയര്‍ അവാര്‍ഡുദാനം നടക്കുക.
ബോളിവുഡില്‍ വിജയക്കൊടി പാറിച്ച ശ്രീദേവിയുമായി താരതമ്യം ചെയ്യാമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടും ഈ ദക്ഷിണേന്ത്യന്‍ സുന്ദരി പ്രതികരിച്ചു. ‘അയല്‍ക്കാരായതിനാല്‍ ശ്രീദേവിയുമായി അടുത്ത സൌഹൃദമാണ് തനിക്കുള്ളത്. എന്നാല്‍, സിനിമയില്‍ സ്വന്തമായൊരു സ്ഥാനവും പേരും ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്’, ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി അസിന്‍ പറയുന്നു.
ഇത്തവണയും ഫിലിംഫെയര്‍ അവാര്‍ഡ് ലഭിക്കുമെന്നാണ് കരുതുന്നത് എന്ന് അസിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ‘3 ഇഡിയറ്റ്സ്’ ആണെന്ന് പറയാനും അസിന്‍ മടികാട്ടിയില്ല. അസിന് മൂന്ന് തവണ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.