മമ്മൂട്ടി സ്നേഹം തേടി വന്നതാണ്, പക്ഷേ...

ബന്ധുക്കളുടെ ചതിയിലാണ് ആ മമ്മൂട്ടിക്കഥാപാത്രത്തിന് എല്ലാം നഷ്ടമായത്!

Mammootty, Arayannangalude Veedu, Lohithadas, Raveendran, Lakshmi Gopalaswami, മമ്മൂട്ടി, അരയന്നങ്ങളുടെ വീട്, ലോഹിതദാസ്, രവീന്ദ്രന്‍, ലക്ഷ്മി ഗോപാലസ്വാമി
Last Modified ശനി, 19 നവം‌ബര്‍ 2016 (14:10 IST)
2000ല്‍ റിലീസായ അരയന്നങ്ങളുടെ വീട് സംവിധാനം ചെയ്തത് ലോഹിതദാസാണ്. ജനിച്ച നാടുപേക്ഷിച്ച് അന്യനാട്ടിലേക്ക് ചേക്കേറേണ്ടിവരികയും സ്വന്തം നാടിന്‍റെ ആര്‍ദ്രതയും ഭംഗിയും മനസില്‍ താലോലിച്ച് ജീവിക്കേണ്ടിവരികയും ചെയ്യുന്ന രവീന്ദ്രനാഥ് എന്ന കഥാപാത്രത്തെ മമ്മൂട്ടി ഉജ്ജ്വലമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ രവിക്ക് പക്ഷേ ബന്ധുക്കളില്‍ നിന്ന് ശത്രുത മാത്രമാണ് അനുഭവിക്കാനായത്.

മറ്റുള്ളവരുടെ ചതിയില്‍പ്പെട്ട് എപ്പോഴും ജീവിതത്തിന്‍റെ നിലതെറ്റിപ്പോകുന്നവനാണ് രവി എന്ന നായക കഥാപാത്രം. സ്വന്തം ജ്യേഷ്ഠന്‍റെ ചതിയില്‍ കുട്ടിക്കാലത്തുതന്നെ ഒറ്റപ്പെട്ടുപോയവനാണ് അയാള്‍. പിന്നീട് നാടുവിട്ട് പോകേണ്ടിവരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളുടെയും സ്വന്തം നാട്ടുകാരുടെയും ഇടയിലേക്ക് സ്നേഹം തേടി അയാള്‍ വരുമ്പോള്‍ സ്വീകരണം അയാള്‍ പ്രതീക്ഷിച്ച രീതിയില്‍ ആയിരുന്നില്ല. ബന്ധുക്കള്‍ തന്നെ അയാള്‍ക്ക് അരക്കില്ലമൊരുക്കി.

ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് രവി തിരിച്ചുപോകുകയാണ്. എല്ലാവരും അയാളിലെ നന്‍‌മ തിരിച്ചറിയുന്നുണ്ടെങ്കിലും അയാള്‍ പരാജിതന്‍ തന്നെയാണ്. ലോഹിതദാസിന്‍റെ മിക്ക നായകന്‍‌മാരെയും പോലെ തന്നെ അയാളും ജീവിതത്തിന്‍റെ പടയിലും പന്തയത്തിലും തോറ്റുപോകുന്നു.

രാവീന്ദ്രന്‍ ഈണമിട്ട ഗാനങ്ങള്‍ അരയന്നങ്ങളുടെ വീടിനെ ഗംഭീരമാക്കി. ‘മനസിന്‍ മണിച്ചിമിഴില്‍...’ തന്നെയായിരുന്നു അതില്‍ മികച്ചത്. ‘ദീനദയാലോ രാമാ...’ എന്ന കീര്‍ത്തനവും മനോഹരം. ചിത്രത്തില്‍ ആദ്യഘട്ടത്തില്‍ പ്രതിനായകനെങ്കിലും പിന്നീട് പ്രണയത്തിന്‍റെ തീവ്രഭാവം സ്ഫുരിക്കുന്ന കഥാപാത്രത്തെ ലാല്‍ അവിസ്മരണീയമാക്കി. മമ്മൂട്ടിയുടെ നായികയായി ഈ സിനിമയിലൂടെ അരങ്ങേറിയ ലക്ഷ്മി ഗോപാലസ്വാമി പിന്നീട് മലയാളത്തിലെ മുന്‍‌നിര നായികയായി.

ജോമോള്‍ അവതരിപ്പിച്ച സുജ എന്ന കഥാപാത്രം കണ്ണീര്‍നനവുള്ള ഒരു കഥാപാത്രമാണ്. അരയന്നങ്ങളുടെ വീടിനെ കൂടുതല്‍ ആര്‍ദ്രമാക്കുന്നത് മമ്മൂട്ടിയുടെ രവിയല്ല, അത് ലാലും ജോമോളും മയൂരിയും തന്നെയാണ് എന്ന് പിന്നീടുള്ള കാഴ്ചയില്‍ തോന്നും. കൊച്ചിന്‍ ഹനീഫ, ദേവന്‍, സിദ്ദിക്ക്, കൃഷ്ണകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അമ്മയെ കവിയൂര്‍ പൊന്നമ്മ മനോഹരമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :