ഇതെന്തൊരു പ്രേമം! കളക്ഷന്‍ 40 കോടിയിലേക്ക് !!

പ്രേമം, അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി, മലര്‍, സായ് പല്ലവി
Last Modified വെള്ളി, 26 ജൂണ്‍ 2015 (15:02 IST)
പ്രേമമാണഖിലസാരമൂഴിയില്‍ എന്നതുപോലെയാണ് കാര്യങ്ങള്‍. മലയാള സിനിമാചരിത്രം പ്രേമത്തിനുമുമ്പ് - ശേഷം എന്നിങ്ങനെ വിഭജിക്കേണ്ടിവരുന്ന രീതിയില്‍ വലിയ ബോക്സോഫീസ് വിജയമാണ് അല്‍‌ഫോണ്‍സ് പുത്രന്‍ - നിവിന്‍ പോളി ടീമിന്‍റെ സിനിമ സ്വന്തമാക്കുന്നത്. ദൃശ്യവും ബാംഗ്ലൂര്‍ ഡെയ്സുമൊന്നും പ്രേമത്തിന്‍റെ പടയോട്ടത്തിനുമുമ്പില്‍ ഒന്നുമല്ല എന്നുറപ്പിക്കുന്ന മഹാവിജയം.
 
പ്രേമത്തിന്‍റെ കളക്ഷന്‍ 40 കോടിയിലേക്ക് കുതിക്കുകയാണ്. ചിത്രം 30 ദിനങ്ങള്‍ പിന്നിടുമ്പോള്‍ റിലീസായ കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും എല്ലാ ഷോയും ഹൌസ് ഫുള്ളായി മുന്നേറുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളിലെല്ലാം പ്രേമത്തിന് വന്‍ വരവേല്‍പ്പ്. വിദേശത്തും ചിത്രം വിസ്മയം തീര്‍ക്കുന്നു.
 
തിരുവനന്തപുരത്തെയും എറണാകുളത്തെയും പല സിംഗിള്‍ സ്ക്രീനുകളിലും ഏഴു ഷോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നിട്ടും ടിക്കറ്റ് കിട്ടാതെ ആയിരങ്ങള്‍ മടങ്ങുന്നു. ഇപ്പോഴും ആ സോഷ്യല്‍ മീഡിയ ചൊല്ല് സത്യമായി തുടരുന്നു - പ്രേമത്തിന് കണ്ണും കാതുമല്ല, ടിക്കറ്റുമില്ല!
 
നിര്‍മ്മാതാവിന്‍റെ കീശയില്‍ ഇതിനകം തന്നെ 20 കോടി വിഹിതം ലഭിച്ചതായാണ് അറിയുന്നത്. അഞ്ചുകോടി രൂപയായിരുന്നു ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ്. സാറ്റലൈറ്റ് റൈറ്റ് ഇതുവരെ ആര്‍ക്കും വിറ്റിട്ടുമില്ല. ആറുകോടിക്കുമേല്‍ സാറ്റലൈറ്റ് അവകാശം വിറ്റുപോകുമെന്നാണ് സൂചന.
 
നിവിന്‍ പോളി, സായ് പല്ലവി, മഡോണ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും പ്രണയം കിനിയുന്ന മുഹൂര്‍ത്തങ്ങളും ഒന്നാന്തരം പാട്ടുകളും പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മവുമാണ് പ്രേമത്തിന്‍റെ വന്‍ വിജയത്തിന് കാരണമായ പ്രധാന ഘടകങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :