മകരവിളക്ക്: ദര്‍ശനപുണ്യം ജന്‍‌മപുണ്യം

മകരവിളക്ക് സ്പെഷ്യല്‍, Makara Vilakku Special
BIJU| Last Modified തിങ്കള്‍, 8 ജനുവരി 2018 (18:21 IST)
ശബരിമല സ്വാമി അയ്യപ്പക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരവിളക്ക്. മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രസ്തുത ദിവസം സ്വാമി അയ്യപ്പക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാല്‍ പൂജകളും നടക്കുന്നു. മകരവിളക്ക് ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്.

മകരവിളക്കിനോടനുബന്ധിച്ച് വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ട ഒന്നാണ്. ഈ ദീപാരാധന നടക്കുന്നതോടൊപ്പം ശ്രീ സ്വാമി അയ്യപ്പക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളില്‍ മകരവിളക്ക് തെളിയും.

മകരവിളക്കിനോടനുബന്ധിച്ച് മകരസംക്രമപൂജ നടത്താറുണ്ട്. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് ഇത് നടത്തുക. സൂര്യന്‍ രാശി മാറുന്ന മുഹൂര്‍ത്തത്തില്‍ സംക്രമാഭിഷേകവും നടക്കും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍ വശം കൊണ്ടുവരുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് ഉപയോഗിച്ചാണ് സംക്രമവേളയില്‍ അയ്യന് അഭിഷേകം നടത്തുക.

പന്തളം രാജാവ് അയ്യപ്പനായി പണികഴിപ്പിച്ച ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങള്‍. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള
ഈ ആടയാഭരണങ്ങള്‍ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാല്‍നടയായാണ് കൊണ്ടുവരുന്നത്. മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിലാണ് ഇവ അയ്യനെ അണിയിക്കുക. തിരുവാഭരണ ഘോഷയാത്രക്ക് പൂങ്കാവനത്തില്‍ ഗരുഡന്‍ അകമ്പടി സേവിക്കുന്നതായുള്ള വിശ്വാസവുമുണ്ട്.

മകരജ്യോതി തെളിഞ്ഞ ശേഷമാണ് രാത്രിയില്‍ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുക. തുടര്‍ന്ന് അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നള്ളിക്കുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുക. ഗുരുതിയും ഒരു പ്രധാന ചടങ്ങാണ്. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് ഒരു കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഉണ്ടാക്കിയ ‘നിണം’ മലദേവതകള്‍ക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.

ഗുരുതി കഴിഞ്ഞ അടുത്ത ദിവസം പുലര്‍ച്ചെ നട തുറന്ന ശേഷം തന്ത്രിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. ആ ദിവസം തീര്‍ഥാടകര്‍ക്കു ദര്‍ശനനാനുമതിയുണ്ടായിരിക്കില്ല. തുടര്‍ന്ന് ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുമ്പായി തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങുകയും തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ തമ്പുരാന്‍ ദര്‍ശനം നടത്തുകയും ചെയ്യും.

ഈ സമയം രാജപ്രതിനിധിയല്ലാതെ മറ്റാരും സോപാനത്തില്‍ ഉണ്ടായിരിക്കില്ല. പന്തളം തമ്പുരാന്റെ ദര്‍ശനം കഴിഞ്ഞ ശേഷം മേല്‍ശാന്തി നട അടയ്ക്കുകയും ശ്രീകോവിലിന്റെ താക്കോല്‍ രാജപ്രതിനിധിയെ ഏല്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങുകയും അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്ക് താക്കോല്‍ കൈമാറുകയും ചെയ്യുന്നതോടെ മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :