WEBDUNIA|
Last Modified ശനി, 23 മാര്‍ച്ച് 2024 (10:58 IST)
വടകരയിലെ തിരഞ്ഞെടുപ്പ് പ്രചരണം തിരിച്ചടിയായേക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കെതിരായ വ്യക്തി അധിക്ഷേപം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്നാണ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഷാഫി പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതിനു പിന്നാലെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അടക്കം വളരെ മോശമായാണ് ശൈലജ ടീച്ചറെ ചിത്രീകരിക്കുന്നത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പിന്‍വലിയണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ അടക്കം അഭിപ്രായം.
സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ശൈലജ ടീച്ചര്‍ക്ക് വലിയ സ്വാധീനമുണ്ട്. ടീച്ചര്‍ക്കെതിരെ നടത്തുന്ന നിപ റാണി, കോവിഡ് കള്ളി തുടങ്ങിയ പ്രയോഗങ്ങള്‍ കോണ്‍ഗ്രസിനെ തന്നെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. നേതാക്കളും പ്രവര്‍ത്തകരും വ്യക്തി അധിക്ഷേപം ഒഴിവാക്കണമെന്നും പാര്‍ട്ടി നേതൃത്വം അഭിപ്രായപ്പെടുന്നു. ശൈലജ ടീച്ചര്‍ക്കെതിരെ പ്രചാരണം നടത്തുന്നതിനു സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വടകരയില്‍ രണ്ട് മുന്നണികളും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ശൈലജ ടീച്ചര്‍ക്ക് എതിരാളിയായി ഷാഫി പറമ്പില്‍ എത്തിയതോടെ തിരഞ്ഞെടുപ്പ് കളം കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്. ശൈലജ ടീച്ചറുടെ ജനപ്രീതി വോട്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. അതേസമയം മുസ്ലിം വോട്ടുകളില്‍ കണ്ണുവെച്ചാണ് യുഡിഎഫ് ഷാഫി പറമ്പിലിനെ കളത്തിലിറക്കിയിരിക്കുന്നത്.