WEBDUNIA|
Last Modified ചൊവ്വ, 23 ഏപ്രില്‍ 2024 (16:12 IST)
Pinarayi Vijayan and Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രധാനമന്ത്രി തന്നെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ മെന്‍ഷന്‍ ചെയ്ത് പിണറായി കുറിച്ചു.
' മുസ്ലിങ്ങള്‍ നുഴഞ്ഞുക്കയറ്റക്കാരും രാജ്യത്തിന്റെ സമ്പത്ത് കവര്‍ന്നെടുക്കുന്നവരും ആണെന്ന് പരോക്ഷമായി സൂചിപ്പിച്ച പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രധാനമന്ത്രി തന്നെ ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നു, ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങളില്‍ രാജ്യം നേരിടുന്ന ഭീഷണികളുടെ വ്യക്തമായ സൂചനയാണ് ഇത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സുതാര്യവും ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസൃതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ പുരോഗമന, മതേതര ശക്തികളും ഒരുമിച്ച് നില്‍ക്കണം. ഇന്ത്യയുടെ മതേതര മൂല്യങ്ങളും മതസൗഹാര്‍ദ്ദവും തകര്‍ക്കാനുള്ള ഏതൊരു ശ്രമവും ചെറുക്കപ്പെടേണ്ടതാണ്.' പിണറായി വിജയന്‍ കുറിച്ചു.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് മോദിയുടെ വിദ്വേഷ പരാമര്‍ശം. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ മക്കളുള്ളവര്‍ക്കും രാജ്യത്തിന്റെ സ്വത്ത് പകുത്തു നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്നായിരുന്നു മോദി പറഞ്ഞത്. അവര്‍ക്കു ഭരണമുണ്ടായിരുന്നപ്പോള്‍ മുസ്ലിംകള്‍ക്കാണ് രാജ്യത്തിന്റെ സ്വത്തില്‍ ആദ്യ അവകാശം എന്നാണ് അവര്‍ പറഞ്ഞത്. അതിനര്‍ഥം സ്വത്തെല്ലാം ആര്‍ക്കു കൊടുക്കുമെന്നാണ് ? കൂടുതല്‍ മക്കളുള്ളവര്‍ക്ക് - മോദി പ്രസംഗിച്ചു.