തൃശൂരില്‍ തോല്‍വി ഉറപ്പിച്ച് മുരളീധരന്‍; പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി, ചിലര്‍ പാലം വലിച്ചെന്നും ആരോപണം

തൃശൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ അടക്കം ബിജെപിയിലേക്ക് പോയിട്ടുണ്ടോ എന്ന സംശയമുണ്ട്

WEBDUNIA| Last Modified വ്യാഴം, 2 മെയ് 2024 (09:13 IST)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. ശക്തമായ ത്രികോണ മത്സരത്തില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ തന്റെ പരാജയത്തിനു കാരണമാകുമെന്നാണ് മുരളീധരന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടക്കം മണ്ഡലത്തിലെ കോണ്‍ഗ്രസിനിടയില്‍ ഒരു താല്‍പര്യക്കുറവ് പ്രകടമായിരുന്നെന്നും ഇത് വോട്ടിങ്ങില്‍ അടക്കം പ്രതിഫലിച്ചിട്ടുണ്ടെന്നും മുരളീധരന്‍ കെപിസിസി നേതൃത്വത്തോട് പരാതിപ്പെട്ടു.

വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റി തന്നെ ബലിയാടാക്കുകയായിരുന്നോ എന്ന സംശയം മുരളിക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും താന്‍ ഇനി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും മുരളീധരന്‍ നിലപാടെടുത്തിട്ടുണ്ട്.

തൃശൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ അടക്കം ബിജെപിയിലേക്ക് പോയിട്ടുണ്ടോ എന്ന സംശയമുണ്ട്. കരുണാകരനോട് എതിര്‍പ്പുള്ള പല നേതാക്കളുടെയും ഗ്രൂപ്പുകള്‍ ഇപ്പോഴും തൃശൂരില്‍ സജീവമാണ്. അവര്‍ തന്റെ തോല്‍വിക്ക് വേണ്ടി പല നീക്കങ്ങളും നടത്തിയിട്ടുണ്ടെന്നാണ് മുരളീധരന്റെ സംശയം. താഴെ തട്ടില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ശോഷിച്ചു പോകുന്നതെന്നും കെപിസിസി നേതൃത്വത്തോട് മുരളീധരന്‍ പരാതി അറിയിച്ചു. താന്‍ തോറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തൃശൂരിലെ കോണ്‍ഗ്രസ് കമ്മിറ്റിക്കാണെന്നും മുരളീധരന്‍ ആരോപിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :