Last Modified ബുധന്‍, 3 ഏപ്രില്‍ 2019 (11:02 IST)
വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങി സിപിഎം. പാർട്ടിയംഗങ്ങൾക്ക് ഒരു വോട്ട് ക്വോട്ട നിശ്ചയിച്ചു. വയനാട്ടിലെ 20,000 പാർട്ടിയംഗങ്ങളും ചേർന്ന് ഒരു ലക്ഷം വോട്ടുകൾ പുതുതായി പിടിക്കണമെന്നാണു പാർട്ടി നിർദേശം. മുറ്റു സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകൾ എൽഡിഎഫിനു ഉറപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു.
ചുമതലയുള്ള ബൂത്തിലെ 2 കുടുംബങ്ങളെയെങ്കിലും ഓരോ പാർട്ടിയംഗവും സ്വാധീനിക്കണം. ലോക്കൽ കമ്മറ്റിയംഗം 3 കുടുംബങ്ങളുടെയും ഏരിയാ കമ്മറ്റിയംഗം 5 കുടുംബങ്ങളുടെയും ചുമലത ഏറ്റെടുക്കണം.ഇത്തരത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം വോട്ടുകൾ സമാഹരിക്കാനാണ് നിർദേശം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട് ലോക്സഭയ്ക്ക് കീഴുള്ള ഏഴിൽ നാല് മണ്ഡലങ്ങളിലും വിജയിച്ചെങ്കിലും ലോക്സഭാ വോട്ടുകണക്കിൽ 19,053 വോട്ടിന് എൽഡിഎഫ് പിന്നിലായിരുന്നു. ക്വോട്ട പ്രകാരമുള്ള വോട്ട് പിടിക്കാനായാൽ ഈ കുറവ് പരിഹരിക്കാനും കഴിഞ്ഞ ലോക്സഭയിലെ 20,870 വോട്ടിന്റെ യുഡിഎഫ് ഭൂരിപക്ഷം മറികടക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്