'വയനാട് സീറ്റ് നഷ്ടമായത് ചെന്നിത്തലയുടെ കഴിവുകേട് കൊണ്ട്' ഐ ഗ്രൂപ്പിന്റെ രഹസ്യയോഗത്തിൽ നേതൃത്വത്തിനെതിരെ പ്രവർത്തകർ

കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുത്തതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കലാപ കൊടി ഉയരുകയാണ്.

Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (17:09 IST)
വയനാട് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിലുണ്ടായ പൊട്ടിത്തെറി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം രൂക്ഷമാകുന്നു. കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കയ്യിലുണ്ടായിരുന്ന സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുത്തതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കലാപ കൊടി ഉയരുകയാണ്. കോഴിക്കോട് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. ഐ ഗ്രൂപ്പിനെ നയിക്കുന്ന ചെന്നിത്തലയ്‌ക്കെതിരെ ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും അമര്‍ഷത്തിലാണ്.

ചെന്നിത്തലയ്ക്ക് നട്ടെല്ലില്ലാത്തതിനാലാണ് വയനാട് സീറ്റ് നഷ്ടപ്പെട്ടതെന്ന് രഹസ്യ യോഗത്തിന് ശേഷം മുന്‍ കോഴിക്കോട് ഡിസിസി നേതാവ് വി ബീരാന്‍ കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിക്കുകയും ചെയ്തു. ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നത്. എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി പിടിച്ചിടത്ത് കാര്യങ്ങളെത്തിച്ച ചെന്നിത്തലയ്‌ക്കെതിരെ ഐ ഗ്രൂപ്പില്‍ വലിയ അമര്‍ഷമാണ് ഉയരുന്നത്. കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കയ്യിലുള്ള വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖിന്റെ പക്കലെത്തിയതാണ് ഐ ഗ്രൂപ്പിന് താങ്ങാനാകാത്തത്.

ഇതോടെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് വേണമെന്ന ആവശ്യവും നേതാക്കളും പ്രവര്‍ത്തകരും പങ്കുവെയ്ക്കുന്നുണ്ട്. സീറ്റ് വിട്ടുകളഞ്ഞതിന് നേതൃത്വം വിശദീകരണം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് വയനാട് സീറ്റിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനത്തിലായത്. എന്നാല്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡും അതൃപ്തിയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :