Last Updated:
ഞായര്‍, 17 മാര്‍ച്ച് 2019 (11:24 IST)
പട്ടിക സംബന്ധിച്ച് തർക്കം തുടരുന്നു. ഗ്രൂപ്പ് പോരിനെ തുടർന്ന് വയനാട്, വടകര, ആലപ്പുഴ,
ആറ്റിങ്ങൾ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഇന്നലെ സാധിച്ചില്ല. തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം ഇന്നും സംസ്ഥാന നേതാക്കളുമായി ചർച്ച തുടരും. സ്ഥാനാർത്ഥികൾക്കായി എ, ഐ ഗ്രൂപ്പുകൾ ആവശ്യം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടത്.
വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഷാനിമോള്‍ ഉസമാന് വേണ്ടി ഐ ഗ്രൂപ്പും രംഗത്തെത്തി. കെപിസിസി സെക്രട്ടറി കെപി അബ്ദുല്‍ മജീദിന്റെ പേരും, വിവി പ്രകാശിന്റെ പേരും വയനാടിനായി ഉയര്‍ന്നു വന്നു. തര്‍ക്കം രൂക്ഷമായതോടെ കെ മുരളീധരന്‍ എംഎല്‍എയുടെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായും സൂചനയുണ്ട്.
പി ജയരാജനെതിരെ വടകരയില്‍ ടി സിദ്ദിഖിന്റെ പേര് ഉയര്‍ന്നെങ്കിലും വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ വിദ്യാ ബാലകൃഷ്ണന്റെ പേരും ഉയര്‍ന്നു വന്നു. എന്നാല്‍ കരുത്തനായ ജയരാജനെതിരെ മികച്ച സ്ഥാനാര്‍ത്ഥി വേണം എന്ന് പ്രാദേശിക നേതൃത്വം ആവശ്യമുന്നയിച്ചു. വയനാടിനൊപ്പം ആലപ്പുഴയിലും ഷാനിമോള്‍ ഉസ്മാന്റെ പേര് പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങളില്‍ അടൂര്‍ പ്രകാശാണ് പരിഗണനയില്‍. മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും ആലപ്പുഴക്കായി രംഗത്തെത്തിയിട്ടുണ്ട്.