Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (13:09 IST)
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചിരുന്നതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മത്സരത്തിൽ നിന്നും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാർട്ടി നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നതായി അൽഫോൻസ് കണ്ണന്താനം കൊല്ലത്ത് വാർത്തകളോട് പ്രതികരിച്ചു.
എന്നാൽ കേരളത്തിൽ നിന്നുളള ഏക കേന്ദ്രമന്ത്രി എന്ന നിലയിൽ മത്സരിക്കണമെന്ന് കേന്ദ്രം തന്നോട് ആവശ്യപ്പെട്ടതായി കണ്ണന്താനം പറഞ്ഞു. അങ്ങനെയെങ്കിൽ താൻ ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ പരിഗണിക്കണമെന്നായിരുന്നു താത്പര്യം. മണ്ഡലത്തിൽ ഉൾപ്പെടുന്ന സഭകളായും എൻഎസ്എസുമായും തനിക്കു നല്ല ബന്ധമാണുളളത്.
പത്തനംതിട്ടയില്ലെങ്കിൽ കോട്ടയവും തൃശ്ശൂരുമായിരുന്നു താത്പര്യം. കൊല്ലത്ത് ഒരു മനുഷ്യനെ പോലും അറിഞ്ഞുകൂടാ. അതിലും ഭേദം തനിക്കു മലപ്പുറം കിട്ടുന്നതാണെന്നും കണ്ണന്താനം പ്രതികരിച്ചു. തന്നെക്കാൾ കൂടുതൽ ജയസാധ്യതയുളളവർ ഉണ്ടെങ്കിൽ അവരെ പരിഗണിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും കണ്ണന്താനം കൂട്ടിച്ചേർത്തു